
കോടതി ഉത്തരവ് ലംഘിച്ച് ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്തെന്ന ഹർജിയിൽ അസം സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി. ബുൾഡോസർ രാജിന് സുപ്രീം കോടതി വിലക്ക് നിലനിൽക്കെ നിർദേശം ലംഘിച്ചെന്ന് കാട്ടി 47 പേർ നൽകിയ ഹർജിയെ തുടർന്നാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മൂന്നാഴ്ചക്കകം മറുപടി നൽകണമെന്നും അടുത്ത വാദം കേൾക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നും ഉത്തരവിട്ടു.
അസമിലെ കാംരൂപ് ജില്ലയിലെ കച്ചുതോലി പഥർ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും 47 വീടുകളിൽ ബുൾഡോസർ ആക്രമണം നടത്തിയതാണ് കേസ്. സുപ്രീം കോടതിയുടെ മുൻ ഉത്തരവ് അവഗണിച്ച് അധികാരികൾ വീടുകൾ തകർത്തുവെന്നാണ് ഹർജിക്കാരുടെ വാദം. യഥാർത്ഥ ഭൂവുടമകളുമായുള്ള കരാർ പ്രകാരം പതിറ്റാണ്ടുകളായി അവിടെ താമസിച്ചുവരികയാണെന്ന് ഹർജിക്കാർ പറയുന്നു. നിയമപരമായ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നും നിലവിലുള്ള കരാറുകൾ പ്രകാരം, പ്രദേശത്ത് താമസിക്കുന്നത് നിയമാനുസൃതമാണെന്നും ഇവർ അവകാശപ്പെട്ടു.
താമസക്കാർക്ക് ഒഴിയാൻ ഒരു മാസത്തെ കാലാവധി നൽകി നോട്ടീസ് അയക്കണമെന്നുൾപ്പെടയുള്ള നിയമപരമായ പ്രോട്ടോക്കോളുകൾ അധികൃതർ ലംഘിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. കൂടാതെ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് ബുൾഡോസർ രാജെന്നും ഹർജിക്കാർ വാദിക്കുന്നു.
അതേസമയം സുപ്രീം കോടതി വിലക്ക് നിലനിൽക്കെ തന്നെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ വീണ്ടും ബുൾഡോസർ രാജ് നടപടിയുണ്ടായിരുന്നു. ഗിർ സോമനാഥ് ജില്ലയിലെ പള്ളിയും ദർഗയും ഖബറിസ്ഥാനുമാണ് സർക്കാർ ബുൾഡോസർ വെച്ച് പൊളിച്ചത്. 36 ബുൾഡോസറുകൾ, 70 ട്രാക്ടർ ട്രോളികൾ എന്നിവ എത്തിച്ചായിരുന്നു നടപടി. പ്രതിഷേധവുമായി സ്ഥലത്തെത്തിയവരെ പൊലീസ് ഒഴിപ്പിക്കുകയും ചെയ്തു.
അനധികൃതമെന്നാരോപിച്ച് സോമനാഥ് ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെയാണ് മസ്ജിദും തകര്‍ത്തത്. 500 വർഷം പഴക്കമുള്ള പള്ളിയും ദർഗയും ഖബറിസ്ഥാനുമാണ് ബുൾഡോസർ കൊണ്ട് പൊളിച്ചത്. ഗിർ സോമനാഥ് ജില്ലയിലെ ഒൻപത് പള്ളികളും ആരാധനാലയങ്ങളും പൊളിച്ചവയിൽ പെടുന്നു. പുലര്‍ച്ചെ തുടങ്ങിയ നടപടി രാത്രി വരെ നീണ്ടു. 36 ബുൾഡോസറുകൾ, 70 ട്രാക്ടർ ട്രോളികൾ എന്നിവ എത്തിച്ചായിരുന്നു നടപടി.