ട്രംപിനായി പ്രതി കാത്തിരുന്നത് 12 മണിക്കൂർ; വെടിവെപ്പ് ആസൂത്രിതമെന്ന് അന്വേഷണ സംഘം

ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിന് സമീപം അമേരിക്കൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ആക്രമണം
ട്രംപിനായി പ്രതി കാത്തിരുന്നത് 12 മണിക്കൂർ; വെടിവെപ്പ് ആസൂത്രിതമെന്ന് അന്വേഷണ സംഘം
Published on

മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വെടിവെപ്പ് ആസൂത്രിതമെന്ന് കണ്ടെത്തൽ. ട്രംപിനെ ആക്രമിക്കാനായി പ്രതി റയാൻ റൗത്ത് 12 മണിക്കൂറോളം കാത്തിരുന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡൊണാൾഡ് ട്രംപ് ഗോൾഫ് കളിക്കുന്നതിന് സമീപമാണ് കഴിഞ്ഞ ദിവസം വെടിവെപ്പ് നടന്നത്.

ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം അമേരിക്കൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ആക്രമണം. പിന്നാലെ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ 40 മിനിട്ടോളം പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്.

ALSO READ: ട്രംപിന് നേരെയുണ്ടായ വെടിവെപ്പ്; ആരാണ് അറസ്റ്റിലായ റയാൻ റൗത്ത്?

ഗോൾഫ് സ്റ്റേഡിയത്തിൻ്റെ പരിസരത്ത് പ്രതി 12 മണിക്കൂറോളം തോക്കും ഭക്ഷണവും കയ്യിൽ കരുതി തക്കം പാത്ത് കാത്തിരുന്നു എന്നാണ് ഫോൺ പരിശോധിച്ചതിലൂടെ അന്വേഷണ സംഘത്തിന് മനസിലാക്കാനായത്. ഇയാൾ ഞായറാഴ്ച പുലർച്ചെ 1.59 മുതൽ പ്രദേശത്ത് തമ്പടിച്ചിരുന്നതായി അന്വേഷണ സംഘം പറയുന്നു. റയാൻ റൗത്ത് ഉപയോഗിച്ച വാഹനത്തിൻ്റെ നമ്പർ പ്ലേറ്റും വ്യാജമാണ്. ഇത് മോഷ്‌ടിച്ചതാണെന്നും പൊലീസ് വ്യക്തമാക്കി. മുൻപും നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് റയാൻ. 2002ൽ ഓട്ടോമാറ്റിക് തോക്ക് കൈവശം വെച്ചതിനും, 2010ൽ സാധനങ്ങൾ മോഷ്ടിച്ചതിനും ഇയാൾ പിടിയിലായിരുന്നു.

അക്രമി വെടിയുതിർക്കുന്ന സമയത്ത് ട്രംപിൻ്റെ സുരക്ഷാ ക്രമീകരണത്തിൻ്റെ ഭാഗമായി ഗോൾഫ് ഗ്രൗണ്ട് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി, വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ട്രംപിന് പരുക്കില്ല. സുരക്ഷിതനാണെന്ന് സംഭവത്തിന് ശേഷം ട്രംപ് സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചു.

അതേസമയം, ട്രംപ് പങ്കെടുക്കേണ്ട പരിപാടികൾ മുൻ നിശ്ചയിച്ച പോലെ നടക്കും. പ്രസിഡൻ്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമല ഹാരിസുമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന ആരോപണമാണ് ഇപ്പോൾ ട്രംപ് ഉയർത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com