പാകിസ്താനിലെ ഖൈബർ പ്രവിശ്യയിൽ വാഹനങ്ങൾക്ക് നേരേയുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 20 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ എട്ടു സ്ത്രീകളും അഞ്ചുകുട്ടികളുമുള്ളതായി റിപ്പോർട്ട്. പരാചിനാറിൽ നിന്ന് പെഷാവറിലേക്ക് പോകുകയായിരുന്ന ഷിയാ മുസ്ലീം പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ഇരുനൂറിലേറെ വാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ALSO READ: ഓഹരിവിപണിയില്‍ തകർന്നടിഞ്ഞ് ഗൗതം അദാനി; ആസ്തിയിൽ ഒറ്റദിവസം ഉണ്ടായത് ഒരു ലക്ഷം കോടിയുടെ ഇടിവ്
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ ആണെന്നാണ് പ്രാഥമിക നിഗമനം. സമീപ വർഷങ്ങളിൽ പ്രദേശത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്ന് പൊലീസ് അറിയിച്ചു.
യാത്രാ വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി ശക്തമായി അപലപിച്ചു. നിരപരാധികളായ യാത്രക്കാരെ ആക്രമിക്കുന്നത് ഭീരുത്വവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണെന്ന് ആസിഫ് അലി സർദാരി എക്സിൽ കുറിച്ചു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരിയും ആക്രമണത്തെ അപലപിച്ചു, സംഭവത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഗോത്രമേഖലയിലെ ഭൂമി തർക്കത്തിൻ്റെ പേരിൽ ആയുധധാരികളായ ഷിയകളും സുന്നി മുസ്ലീങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി സംഘർഷം നിലനിൽക്കുകയാണ്. ഓഗസ്റ്റിൽ തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ 23 പേരെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ട് തോക്കുധാരികൾ വെടിവെച്ച് കൊന്നിരുന്നു.