
ഹെലീൻ ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിൽ ഉണ്ടായ അപകടങ്ങളിൽ മരണസംഖ്യ 64 ആയി. ഫ്ലോറിഡയടക്കം തെക്കുകിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. 30 ലക്ഷത്തിലേറെ പേർക്ക് വൈദ്യുതി ലഭ്യമായില്ലെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ ഹെലീൻ ഫ്ലോറിഡയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ശക്തമായ കാറ്റും വെള്ളപ്പൊക്കവും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി രക്ഷാപ്രവർത്തനം തുടരുകയാണ്.
അമേരിക്കയിലെ ഏറ്റവും ശക്തമായ 14-ാമത്തെ ചുഴലിക്കാറ്റാണ് ഹെലീൻ. മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ 8,32,000 പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. പ്രകൃതി ദുരന്തത്തെ തുടർന്ന് ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ, അലബാമ എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിച്ചിട്ടുണ്ട് .