
അതിരപ്പള്ളി കൊമ്പന്‍ ചരിഞ്ഞതോടെ താങ്ങായി കൂടെ ഉണ്ടായിരുന്ന ഏഴാറ്റുമുഖം ഗണപതി ഇനി ഒറ്റയ്ക്കാണ്. മയക്കുവെടിവെച്ച ഘട്ടത്തില്‍ അതിരപ്പള്ളി കൊമ്പനെ തുമ്പിക്കൈ കൊണ്ട് താങ്ങിനിര്‍ത്തിയ ഗണപതിയുടെ ചിത്രം ആനപ്രേമികളുടെ ഹൃദയത്തില്‍ എന്നും നിലനില്‍ക്കും.
തുമ്പിക്കൈ സൗഹൃദത്തിന്റെ സ്‌നേഹ ഹസ്തമായി. അതിരപ്പിള്ളി കൊമ്പനെ അവന്‍ താങ്ങിനിര്‍ത്തി. താഴെ വീഴാതെ. മസ്തകത്തിലെ ആഴമേറിയ മുറിവും പിന്നിലേറ്റ മയക്കുവെടിയുടെ ആലസ്യവും അതിരപ്പിള്ളി കൊമ്പനെ അവശനാക്കിയിരുന്നു. ആ സ്‌നേഹലിംഗനത്തില്‍ നിന്ന് ഊര്‍ന്ന് കൊമ്പന്‍ മറിഞ്ഞുവീണു.
എന്നിട്ടും വിട്ടെറിഞ്ഞ് പോകാനാകാതെ വിഷാദത്തോടെ ഗണപതി കാത്തുനിന്നു. ക്ഷമകെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ റമ്പര്‍ ബുള്ളറ്റിന്‍ പ്രയോഗിച്ചു. അതോടെയാണ് പിന്തിരിഞ്ഞ് നോക്കി അവന്‍ പിന്‍വാങ്ങിയത്. അവന്‍ ഏഴാറ്റുമുഖം ഗണപതി, അഗാധ സൗഹൃദത്തിന്റെ മറുവാക്ക് കൂടിയാണ്.
പിടികൂടിയ ദിവസം രാവിലെയും കൊമ്പനും ഗണപതിയും ഒരുമിച്ചായിരുന്നു. മുറിവിലൊരു സ്‌നേഹ ലേപനം പോലെ അതിരപ്പള്ളി പുഴയോരത്ത് അവന്‍ ഉണ്ടായിരുന്നു കൂടെ. അവര്‍ തമ്മിലുണ്ടായിരുന്നത് ദീര്‍ഘ സൗഹൃദം.
അതിരപ്പിള്ളി, ഏഴാറ്റുമുഖം, പ്ലാന്റേഷന്‍ മേഖലകളിലെ സ്ഥിര സാന്നിധ്യമാണ് ഗണപതി. ജനവാസ മേഖലകളില്‍ തുടരുമ്പോഴും ജനങ്ങളെ ദ്രോഹിക്കാത്ത ആന. കലിയുടെ കറ പുരളാത്ത കറുത്ത സ്‌നേഹമായി അവന്‍ സഞ്ചാരികള്‍ക്ക് ഇടയിലൂടെ നടന്നു.
വിനോദസഞ്ചാര മേഖലയിലെ സ്ഥിര സാന്നിധ്യം ആയത് കൊണ്ട് ഗണപതിക്ക് കേരളമെങ്ങുമുണ്ട് ആരാധകര്‍. അവനായി എഫ്ബി സ്റ്റോറികളും ഇന്‍സ്റ്റ റീലുകളും പ്രവഹിച്ചു. പക്ഷെ ഇനി ഗണപതി ഏകനാണ്. കൊമ്പന്റെ കൂട്ട് ഇനിയവനില്ല. അപ്പോഴും സ്‌നേഹത്തിന്റെ നിത്യനിദര്‍ശനമായി ഈ കാഴ്ച ഹൃദയങ്ങളില്‍ തുടരും.