
അമേരിക്കയിലെ ഫ്ലോറിഡയിൽ യുവതി ആൺസുഹൃത്തിൻ്റെ മകളെ റോട്ട്വീലറിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. ടിഷേൽ എലിസ് മാർട്ടിൻ എന്ന 34കാരിയാണ് ആൺസുഹൃത്തിൻ്റെ ഒൻപത് വയസുകാരിയായ മകൾ ജാമരിയ സെഷൻസിനെ വളർത്തുനായയെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
ജൂൺ 17ന്, കാലിഫോർണിയയിലേക്കുള്ള വിനോദയാത്രയ്ക്ക് പോകാനായി വിളിച്ചുണർത്താൻ നോക്കുമ്പോൾ പ്രതികരണമില്ലാത്ത നിലയില്‍ ജാമരിയയെ കണ്ടെത്തുകയായിരുന്നു എന്നാണ് ടിഷേല്‍ പൊലീസിനോട് പറഞ്ഞത്. പക്ഷെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടി കൊണ്ട പാടുകളും ചതവുകളും കണ്ട പൊലീസ് മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന നിഗമനത്തിലേക്കെത്തി. തുടർന്ന് സിസിടിവി പരിശോധിച്ച പൊലീസിന് ടിഷേല്‍ പെണ്‍കുട്ടിയെ റോട്ട്വീലറിനെ കൊണ്ട് കടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ദൃശ്യങ്ങളില്‍ പട്ടിയേക്കൊണ്ട് കടിപ്പിക്കുന്നതിനൊപ്പം പെണ്‍കുട്ടിയെ ടിഷേല്‍ അടിക്കുന്നതും കാണാം. പട്ടിയുടെ പിടിയില്‍ നിന്നും കുതറി മാറുന്ന ജാമരിയയെ ടിഷേല്‍ തറയിലൂടെ വലിച്ചിഴച്ച് വീണ്ടു റോട്ട്വീലറിനു മുന്നിലേക്കിടുകയായിരുന്നു.
റിപ്പോർട്ടുകള്‍ പ്രകാരം, ആദ്യമായല്ല ടിഷേല്‍ ആണ്‍സുഹൃത്തിന്റെ മകളെ ഉപദ്രവിക്കുന്നത്. മാരകമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് പലപ്പോഴും ടിഷേല്‍ ജാമരിയയെ ശിക്ഷിച്ചിരുന്നത്. മറ്റ് പല രീതിയിലും ജാമരിയ ആ വീട്ടില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. ടിഷേലിനെതിരെ കൊലപാതകത്തിനു പുറമേ ബാല പീഡനം, കുട്ടികളോടുള്ള അവഗണന എന്നീ വകുപ്പുകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.