
ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍റെ പുഷ്പ 2 ദി റൂള്‍. സുകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ മാസ് ആക്ഷന്‍ സിനിമയുടെ ആദ്യ ഭാഗത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. 2021-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു പുഷ്പ ദി റൈസ്. സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്‍ജുന്‍ സ്വന്തമാക്കിയിരുന്നു.
രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം അതിവേഗം പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സിനിമ പ്രേമികളെ ഒന്നടങ്കം ആവേശഭരിതരാക്കുന്നുണ്ട്. ഡിസംബര്‍ ആറിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തുന്ന ചിത്രത്തി ല്‍ പുഷ്പ രാജിനൊപ്പം ഒരു സര്‍പ്രൈസ് കഥാപാത്രവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രശസ്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണര്‍ പുഷ്പ 2വില്‍ അതിഥി വേഷത്തിലെത്തുമെന്നാണ് ഇന്ത്യ ഗില്‍റ്റ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട്. സിനിമയിലെ കഥാപാത്രത്തിന്‍റെ ലുക്കിലുള്ള വാര്‍ണറുടെ ഏതാനും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നേരത്തെ പുഷ്പയിലെ 'ശ്രീവല്ലി', 'പുഷ്പ പുഷ്പ പുഷ്പ രാജ്' തുടങ്ങിയ പാട്ടുകള്‍ക്ക് നൃത്തം ചെയ്യുന്ന ഡേവിഡ് വാര്‍ണറുടെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഐപിഎല്ലിന്‍റെ ഭാഗമായതിന് പിന്നാലെയാണ് വാര്‍ണറിന് ഇന്ത്യന്‍ സിനിമകളോടുള്ള ഇഷ്ടം തുറന്നുപറയുന്നത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായാണ് താരം കളിച്ചിരുന്നത്.
പുഷ്പ 2വിന്‍റെ മെല്‍ബണ്‍ ഷെഡ്യൂളില്‍ ഡേവിഡ് വാര്‍ണറുടെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ സിനിമയുടെ അണിയറക്കാര്‍ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, റാവു രമേശ്, അജയ്, അനസൂയ ഭരദ്വാജ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.