സംഘർഷങ്ങൾ ആളിക്കത്തുന്ന മണിപ്പൂരിൽ, കൊല്ലപ്പെട്ട മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ജിരിബാമിൽ നിന്ന് കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തു വന്നത്. നവംബർ 11 ലെ സംഘർഷത്തിന് പിന്നാലെ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ലക്കിംപുരിലെ നദിയിൽ നിന്ന് കണ്ടെത്തിയത്. വെടിയേറ്റാണ് മരിച്ചതെന്നും നിരവധി ബുള്ളറ്റുകൾ തുളഞ്ഞുകയറിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. കാണാതായവരിൽ മൂന്നുപേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.
ALSO READ: ഇന്ന് ഭരണഘടനാ ദിനം; രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍
മൂന്ന് വയസുള്ള കുട്ടിയുടേയും,അമ്മയുടേയും ,മുത്തശിയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട മൂന്നുവയസുകാരൻ്റെ താടിയെല്ലിനാണ് വെടിയേറ്റത്. കണ്ണുകൾ അടർന്നുമാറിയ നിലയിലായിരുന്നു. അമ്മയുടെ മൃതദേഹത്തിൽ നിന്ന് രണ്ട് വെടിയുണ്ടകളും മുത്തശ്ശിയുടെ മൃതദേഹത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളും ലഭിച്ചുവെന്നാണ് റിപ്പോർട്ട്. സിൽച്ചാർ മെഡിക്കൽ കോളജിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
നവംബർ 11 നാണ് സായുധധാരികളായ നാട്ടുകാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടുകയും, വെടിവെപ്പുണ്ടാകുകയും ചെയ്തത്. ഇതിൽ 11 പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു. ബോരാബക്രയിൽ കുക്കി വിഭാഗം സിആർപിഎഫ് ക്യംപ് ആക്രമിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. 11 പേരുടെ മരണത്തിന് പിന്നാലെ പൊലീസ് സ്റ്റേഷന് സമീപത്തെ ക്യാമ്പ് മറ്റൊരു സംഘം ആക്രമിച്ചു. മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും തട്ടിക്കൊണ്ടുപോയി. ഇതിൽ മൂന്നുപേരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്.
കുക്കി വിഭാഗക്കാരാണ് അക്രമം നടത്തിയെന്ന് പ്രചാരണം നടന്നിരുന്നു. മൂന്ന് ഗ്രൂപ്പുകളായി വന്ന സായുധസംഘം അക്രമം അഴിച്ചുവിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഈ മേഖലയിലെ മെയ്തി വിഭാഗക്കാർ ക്യംപുകളിൽ തന്നെയാണ് കഴിയുന്നത്. ഇവർക്കിടയിലുള്ള സംഘർഷം തുടരുകയാണ്. കലാപം രൂക്ഷമായതിനാൽ ജിരിബാം അടക്കമുള്ള മേഖലയിൽ പ്രത്യേക സൈനിക നിയമത്തിൻ്റെ പരിധിയിലാണ് നടപടികൾ തുടരുന്നത്.