
എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. കഴിഞ്ഞ രണ്ട് മാസമായി പ്രതികൾ കുർളയിലെ വാടകവീട്ടിൽ താമസിച്ച് വരുകയായിരുന്നുവെന്നും, കൊലപാതകം നടത്താൻ ഇവർക്ക് മൂന്ന് ലക്ഷം രൂപ മുൻകൂറായി ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. മുൻകൂർ പണം നാല് പേർ ചേർന്ന് വീതിച്ചുവെന്നും, കൊലപാതകത്തിനായി പ്രതികളെത്തിയത് ഓട്ടോയ്ക്കാണെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ.
സിദ്ദിഖിൻ്റെ തത്സമയ വിവരങ്ങൾ മറ്റൊരാൾ പ്രതികൾക്ക് നൽകിക്കൊണ്ടിരുന്നിരുന്നു എന്നും പൊലീസ് പറഞ്ഞു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ രണ്ടു പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഹരിയാനയിൽ നിന്നുള്ള കർണെയ്ൽ സിങ്, ഉത്തർപ്രദേശുകാരനായ ധരംരാജ് കശ്യപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നുള്ളവരാണെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു.
സംഭവ സ്ഥലത്ത് നിന്ന് ആറ് ബുള്ളറ്റ് ഷെല്ലുകൾ മുംബൈ പൊലീസ് കണ്ടെടുത്തിരുന്നു. അക്രമികൾ മൂന്ന് തവണ സിദ്ദിഖിക്ക് നേരെ വെടിയുതിർത്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെടിവെക്കാൻ ഉപയോഗിച്ച പിസ്റ്റൾ സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. 9.9 എംഎം പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടുക്കുന്ന സംഭവം.