കർണാടകയിലെ ഹവേരിയിലാണ് ജാമ്യം ലഭിച്ച 7 പ്രതികൾ വിജയാഘോഷം നടത്തിയത്
കൂട്ടബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ വിജയഘോഷവുമായി പ്രതികൾ. കർണാടകയിലെ ഹവേരിയിലാണ് ജാമ്യം ലഭിച്ച 7 പ്രതികൾ വിജയാഘോഷം നടത്തിയത്. ബൈക്കുകളും, കാറുകളുമായി വൻ ആരവത്തോടെ പാട്ടടക്കം വെച്ചിട്ടായിരുന്നു പ്രതികൾ പ്രകടനം നടത്തിയത്.
കർണാടക ഹാവേരിയിലെ ആലൂർ പട്ടണത്തിലാണ് ആഘോഷ പ്രകടനം നടന്നത്. ആർപ്പുവിളുകളോടെയുള്ള വീഡിയോ സാമൂഹ്യമാധ്യമത്തിൽ പ്രചരിച്ചത്. 26 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പീഡനത്തെ അതിജീവിച്ച ഇര നൽകിയ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് 7 പേർക്കുമെതിരെ കൂട്ടബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്.
വ്യത്യസ്ത മത വിഭാഗത്തിൽപെട്ട യുവതിയും യുവാവും, ഹവേരിയിലെ ഹോട്ടൽമുറിയിൽ താമസിക്കുകയായിരുന്നു. ഹോട്ടൽമുറിയിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ഇരുവരേയും മർദിക്കുകയും, യുവതിയെ വലിച്ചിഴച്ച് സമീപത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.