ബാലരാമപുരം സമാധി വിവാദം: കല്ലറ പൊളിക്കാൻ ഉത്തരവിട്ട് കലക്ടർ, കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം

കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്നാണ് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന കുടുംബം പറയുന്നത്. എന്നാൽ, പൊലീസ് പ്രതിഷേധിക്കുന്ന കുടുംബക്കാരെ പിടിച്ചുമാറ്റാൻ ശ്രമം തുടരുകയാണ്
ബാലരാമപുരം സമാധി വിവാദം: കല്ലറ പൊളിക്കാൻ ഉത്തരവിട്ട് കലക്ടർ, കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം
Published on

തിരുവനന്തപുരം നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നാടകീയരംഗങ്ങൾ. ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാൻ കലക്ടർ ഉത്തരവിറക്കിയതിനെ തുടർന്ന് പൊലീസും ഉദ്യോഗസ്ഥരും എത്തിയതിന് പിന്നാലെ കുടുംബം പ്രതിഷേധമായി രംഗത്തെത്തുകയായിരുന്നു. കല്ലറയ്ക്ക് മുന്നിലെത്തിയാണ് കുടുംബം പ്രതിഷേധിച്ചത്. കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്നാണ് കല്ലറയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന കുടുംബത്തിൻ്റെ പറയുന്നത്. എന്നാൽ, പൊലീസ് പ്രതിഷേധിക്കുന്ന കുടുംബക്കാരെ പിടിച്ചുമാറ്റാൻ ശ്രമം തുടരുകയാണ്.  കല്ലറ പൊളിക്കാൻ കലക്ടറാണ് ഉത്തരവിറക്കിയത്. സബ് കലക്ടറുടെ മേൽനോട്ടത്തിലാകും കല്ലറ പൊളിക്കുക. ആർഡിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.

സമാധിയായെന്ന് അവകാശപ്പെട്ട് മകൻ മറവ് ചെയ്ത ഗോപൻ സ്വാമിയുടെ മരണത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. ഗോപൻ സ്വാമിയെ കാണാനില്ലെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ആറാലുംമൂട്ടിലെ ഗോപന്‍ സ്വാമിയുടെ വീടിരിക്കുന്ന പരിസരങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ ഗോപൻസ്വാമിയുടെ മരണവിവരം അറിയുന്നത്. ബ്രഹ്‌മ ശ്രീ ഗോപന്‍ സ്വാമി ഇന്നലെ സമാധിയായെന്നായിരുന്നു പോസ്റ്ററില്‍. എല്ലാര്‍ക്കും പരിചിതനായ ഗോപന്‍ സ്വാമി മരിച്ചതോ സംസ്‌കാര ചടങ്ങുകളോ നാട്ടുകാരാരും അറിഞ്ഞിരുന്നില്ല. ദുരൂഹത തോന്നിയാണ് വാര്‍ഡ് കൗണ്‍സിലറേയും പൊലീസിനേയും നാട്ടുകാർ വിവരം അറിയിക്കുന്നത്.

വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ പൂജാകര്‍മങ്ങള്‍ ചെയ്തു വരികയായിരുന്നു മരിച്ച ഗോപന്‍ സ്വാമി. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധി പണിയുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com