കവിത എഴുതിയിരുന്ന എം.ടിയെ അറിയുമോ? ഒരു എഴുത്തുകാരന്‍റെ ജനനം

ജിയും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ആയിരുന്നു എംടിയുടെ ഇഷ്ട കവികൾ
കവിത എഴുതിയിരുന്ന എം.ടിയെ അറിയുമോ? ഒരു എഴുത്തുകാരന്‍റെ ജനനം
Published on

എം.ടി. വാസുദേവൻ നായരെപ്പോലെ ഒരു എഴുത്തുകാരൻ എങ്ങനെ ഉണ്ടായിവന്നു? സ്വന്തം ആരോഗ്യപ്രശ്നങ്ങൾ മുതൽ വീട്ടിലെയും നാട്ടിലേയും സാമൂഹിക അന്തരീക്ഷം വരെയാണ് ആ കഥാകൃത്തിനെ വളർത്തിയത്.

തെക്കെപ്പാട്ട് വീട്ടിൽ ഏറ്റവും ആരോഗ്യം കുറഞ്ഞ കുട്ടി പിറന്നത് കർക്കടകത്തിലെ ഉതൃട്ടാതി നാളിലാണ്. വാസുദേവൻ എന്നു പേരിട്ട കുട്ടി ബാല്യം കടക്കുമോ എന്നുപോലും മുതിർന്നവർ ആശങ്കപ്പെട്ടു. ഗർഭകാലത്ത് അമ്മ അമ്മാളുവമ്മയ്ക്ക് ഉണ്ടായ രോഗങ്ങൾ മൂലമാകാം, ശോഷിച്ച കുഞ്ഞായാണ് പിറന്നതെന്ന് എംടി എഴുതിയിട്ടുണ്ട്. ആരോഗ്യം കുറഞ്ഞതിനാൽ കായികമായ ഒരു കളികൾക്കും പോയില്ല. ഉൾവലിഞ്ഞ കുട്ടിക്ക് നാട്ടിൽ കൂട്ടുകാരും ഉണ്ടായിരുന്നില്ല. പക്ഷേ സമാന്തരമായി മറ്റൊരു ലോകം തെളിഞ്ഞുവന്നു.


വീട്ടിൽ നിറയെ മാസികകൾ വരുമായിരുന്നു. നാലു സഹോദരന്മാരും നല്ല വായനക്കാർ ആയിരുന്നു. അവർ എത്തിച്ചിരുന്ന മാസികകൾ വായിക്കും. സ്കൂളിൽ നിന്ന് മാഷുമാർ പുസ്തകം കൊടുക്കാൻ പിശുക്കിയിരുന്ന കാലമാണ്. പക്ഷേ ആറാം ക്ലാസിലെ വാസുദേവൻ നമ്പ്യാർ മാഷ് വേറെ തലമായിരുന്നു. സ്കൂളിൽ നിന്നു വീട്ടിലേക്ക് ഒന്നിച്ചു നടക്കുമ്പോൾ കഥകൾ പറയും. അങ്ങനെ കേട്ട ആദ്യത്തെ കഥ കൗണ്ട് ഓഫ് മോണ്ട് ക്രിസ്റ്റോ. പിന്നെ ത്രീ മസ്കറ്റിയേഴ്സ്. അലക്സാണ്ടർ ഡ്യൂമാസിന്‍റെ ഈ രണ്ടു കഥകളിൽ നിന്നാണ് കൊച്ചു വാസുദേവന്‍റെ മനസ്സിൽ അസാധാരണമായ ഭാവന ചിറകുവിരിച്ചു തുടങ്ങിയത്.


ആദ്യം തെരഞ്ഞെടുത്ത വഴി കവിതയുടേതായിരുന്നു. ജിയും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ആയിരുന്നു എംടിയുടെ ഇഷ്ട കവികൾ. ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ് പൊറ്റെക്കാട്ടിന്‍റെ കഥകൾ വായിക്കുന്നത്. ആഴ്ചപ്പതിപ്പിൽ രണ്ടുലക്കമായി വന്ന നീണ്ട കഥയും അതിനൊപ്പമുള്ള ഫോട്ടോയും എഴുത്തുകാരോടുള്ള ആരാധന കൂട്ടി. പൊറ്റക്കാട് തന്നെയായിരുന്നു അന്നൊക്കെ പ്രിയ എഴുത്തുകാരൻ. പിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയവരെ പട്ടികയായി എം ടി രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. തകഴി, ബഷീർ, ഉറൂബ്, ദേവ്, കാരൂർ, ലളിതാംബിക അന്തർജ്ജനം, വെട്ടൂർ രാമൻ നായർ.

Also Read: ഹൃദയത്തിൽ നിന്നൊഴുകിയ കവിതകളായിരുന്നു എം.ടിയുടെ എഴുത്തും വാക്കും: എം.വി. ഗോവിന്ദൻ

സ്കൂളിൽ പഠിക്കുമ്പോൾ എഴുതിയ ഉന്തുവണ്ടി ആണ് ആദ്യത്തെ കഥ. അത് ഒരിടത്തും അച്ചടിച്ചു വന്നില്ല. അംഗവൈകല്യം വന്ന ഒരാളെ ഉന്തുവണ്ടിയിൽ പ്രദർശിപ്പിച്ച് പണം ഉണ്ടാക്കുന്ന ആൾക്ക് എതിരേയുള്ള ധാർമിക രോഷത്തിൽ നിന്നു വന്ന ആ കഥ നിരാസത്തിന്‍റെയും തുടക്കമായിരുന്നു. എം.ടി തന്നെ പറഞ്ഞിട്ടുള്ളതുപോലെ നിരസിക്കപ്പെട്ട ഡസൻ കണക്കിനു കവിതകൾക്കും കഥകൾക്കും ശേഷമാണ് ആദ്യമായി ഒന്ന് അച്ചടിച്ചു വരുന്നത്. അതൊരു ലേഖനമായിരുന്നു. പുരാതന ഇന്ത്യയിലെ വൈരവ്യവസായം എന്ന വിഷയത്തിൽ ഗുരുവായൂരിൽ നിന്നുള്ള കേരളക്ഷേമം എന്ന പത്രത്തിലാണ് ആദ്യ ലേഖനം അച്ചടിച്ചു വന്നത്. അതായിരുന്നു എംടി എന്ന എഴുത്തുകാരന്‍റെ വളർച്ചയുടെ തുടക്കം. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com