
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശിക്കുന്ന കാര്യങ്ങള്‍ ഗൗരവ സമീപനം അർഹിക്കുന്നവയെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മലയാള സിനിമ അടിമുടി സ്ത്രീ വിരുദ്ധമാണെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തല്‍.
"ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു . നിശബ്ദത ഇതിനു പരിഹാരമാകില്ല", ലിജോ ഫേസ്ബുക്കില്‍ കുറിച്ചു.
മലയാള സിനിമയിലെ അഭാനേതാക്കളുടെ സംഘടനയായ 'എഎംഎംഎ' യുടെ പരാതി പരിഹാര വിഭാഗം നിഷ്ക്രയമാണെന്ന് കമ്മിറ്റി നിരീക്ഷിച്ചിരുന്നു. സനിമ സെറ്റുകളില്‍ വനിതകള്‍ക്ക് കൃത്യമായ ശുചിമുറികളോ മറ്റ് സൗകര്യങ്ങളോ ഇല്ല. കാസ്റ്റിങ് കൗച്ച് മുതല്‍ വിവധ തരം ചൂഷണങ്ങളാണ് മലയാള സിനിമ മേഖലയില്‍ നടക്കുന്നതെന്നുമായിരുന്നു ഹേമ കമ്മിറ്റിയുടെ കണ്ടെത്തല്‍.
2017-ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളുടെ ഫലമായാണ് സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു സമിതി രൂപീകരിക്കുന്നത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മ 'വിമണ്‍ ഇന്‍ സിനിമ കളക്ടീവ്' (wcc) ന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട. ഐഎഎസ് ഓഫീസര്‍ കെ.ബി. വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2018 മെയ് മാസത്തില്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഒരു കോടിക്ക് മുകളില്‍ തുകയാണ് ഹേമ കമ്മീഷനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. സമര്‍പ്പിച്ച് നാലര വര്‍ഷത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. റിപ്പോർട്ട് പുറത്ത് വിടാന്‍ കാല താമസം നേരിട്ടതിലും ആരോപണവിധേയർക്കെതിരെ കേസ് എടുക്കാത്തതിലും സർക്കാർ രൂക്ഷ വിമർശനം നേരിടുകയാണ്.