ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഹർജികൾ പുതിയ ബെഞ്ചിന് വിടുന്നത്
വഖഫ് ഹര്‍ജികള്‍ ഇനി പരിഗണിക്കുക പുതിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഹർജികൾ പുതിയ ബെഞ്ചിന് വിടുന്നത്. അടുത്ത ചീഫ് ജസ്റ്റിസ് ആകുന്ന ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇനി വഖഫ് ഹര്‍ജികള്‍ പരിഗണിക്കുക. ഹര്‍ജികള്‍ അടുത്ത വ്യാഴാഴ്ച പരിഗണിക്കും. മെയ് 14നാണ് ഗവായി പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽക്കുക.
2024 ലെ വഖഫ് (ഭേദഗതി) നിയമത്തെ ചോദ്യം ചെയ്തുള്ള അഞ്ച് ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹര്‍ജികളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഫയല്‍ചെയ്ത സത്യവാങ്മൂലവും, ഹര്‍ജിക്കാര്‍ ഫയല്‍ചെയ്ത മറുപടിയും വായിച്ചെന്നും ഇടക്കാല ഉത്തരവില്‍ വിശദമായ വാദം കേള്‍ക്കേണ്ടിവരുമെന്നുമാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞത്.
എന്നാൽ മെയ് 13 ന് താൻ വിരമിക്കാനിരിക്കെ വിശദമായി വാദം വിധിപറയുന്നതിനുള്ള സമയമില്ല. അതിനാൽ പുതിയ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിക്കുകയായിരുന്നു. ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, എ.എം. സിംഗ്വി, സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം അംഗീകരിച്ചു.