
ബംഗളൂരുവിൽ ജാർഖണ്ഡ് സ്വദേശിനിയെ കൊന്ന് 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എട്ട് അംഗ പ്രത്യേക സംഘത്തെ ബംഗളൂരു പൊലീസ് നിയോഗിച്ചതായി ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ പ്രതി ആരാണെന്നതിൽ വ്യക്തതയില്ല.
ശനിയാഴ്ചയാണ് ബെംഗളൂരു വൈലിക്കാവൽ പ്രദേശത്തെ അപ്പാർട്ട്മെൻ്റിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ ജാർഖണ്ഡ് സ്വദേശിനിയായ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. നഗരത്തിലെ മാളിൽ ജോലി ചെയ്യുകയായിരുന്ന ഇവർ ഭർത്താവ് ഹേമന്ദ് ദാസിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. രണ്ട് ദിവസമായി ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് അപ്പാർട്ട്മെൻ്റ് ഉടമ ജയറാം എത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 30 കഷ്ണങ്ങളാക്കിയ മൃതദേഹം അഴുകി പുഴുവരിച്ച നിലയിലായിരുന്നു. ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നതോടെ ഡൽഹിയിലെ ശ്രദ്ധ വാൾക്കൾ കൊലപാതകം വീണ്ടും ചർച്ചയാവുകയാണ്.
സമാനമായ രീതിയിൽ രണ്ടുവർഷങ്ങൾക്ക് മുമ്പാണ് ശ്രദ്ധ വാൾക്കർ കൊല്ലപ്പെടുന്നത്. പങ്കാളി അഫ്താബ് പൂനെവാലെ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി താമസസ്ഥലത്തെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു. മൂന്ന് ആഴ്ച ഫ്രിഡ്ജിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണ് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. 6 മാസം കൊലപാതകവിവരം രഹസ്യമായി സൂക്ഷിച്ചു. ഷെഫായ തനിക്ക് ഇറച്ചി മുറിക്കുന്ന കത്തി ഉപയോഗിച്ച് പരിചയമുണ്ടായിരുന്നത് മൃതദേഹം വെട്ടിനുറുക്കുന്നത് എളുപ്പമാക്കിയെന്നായിരുന്നു അഫ്താബിൻ്റെ മൊഴി.