
ശമ്പള വർധനവില്ലാത്തതിനെ തുടർന്ന് ജോലി ഉപേക്ഷിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ ജോലി രാജിവച്ചു. 10 വർഷം സ്ഥാപനത്തിനായി സമർപ്പിച്ചിട്ടും വിദ്യാർഥികളിൽ നിന്ന് മികച്ച അഭിപ്രായം നേടിയിട്ടും ശമ്പള വർധനയ്ക്കുള്ള അഭ്യർത്ഥന ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് അധ്യാപകൻ പറയുന്നത്. 37 കാരനായ അസിസ്റ്റൻ്റ് പ്രൊഫസർ ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലെ ജോലിയെ കുറിച്ച് ലിങ്ക്ഡിന്നിലാണ് അനുഭവം പങ്കുവെച്ചത്.
"പത്തു വർഷമായി ഇവിടെ ജോലി ചെയ്യുന്നു. 2019 വരെ സാധാരണ ഗതിയിലായിരുന്നു കാര്യങ്ങൾ. അതേ വർഷം പുതിയ പ്രിൻസിപ്പാൾ ജോലിയിൽ പ്രവേശിച്ചതോടെ കോളേജിലെ 3 ബ്രാഞ്ചുകൾ പ്രവർത്തനരഹിതമാക്കി. അതിനു ശേഷം കോളേജിലേക്ക് വേണ്ടതെല്ലാം ഞാൻ ചെയ്തു, എന്ത് ജോലി ചെയ്യാൻ പറഞ്ഞാലും ഒരു മടിയും കൂടാതെ, എല്ലാം ചെയ്തു. എന്നിട്ടും ശമ്പളത്തിൻ്റെ കാര്യം വന്നപ്പോൾ ഒരു തരത്തിലുള്ള അനുകൂല നീക്കവും ഉണ്ടായില്ല. ഈ സാഹചര്യത്തെ തുടർന്നാണ് ജോലിയിൽ നിന്ന് രാജിവെച്ചത്." അധ്യാപകൻ്റെ കുറിപ്പിൽ പറയുന്നു.
തൻ്റെ പെരുമാറ്റത്തിലും പഠനത്തിലും കുട്ടികൾ തൃപ്‌തരായിരുന്നു. സ്വന്തം പോക്കറ്റിൽ നിന്ന് പൈസ ചെലവാക്കിയും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുത്തിട്ടുണ്ട്. രാവിലെ 8 മണി മുതൽ രാത്രി 9 വരെ കോളേജിൽ നിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഞായറാഴ്ചകളിൽ പോലും കോളേജിൽ എത്തി.
എത്ര നന്നായി പ്രവർത്തിച്ചിട്ടും ശമ്പളത്തിൻ്റെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. കൂടാതെ തന്നെക്കാൾ ജൂനിയറായ അധ്യാപകർക്ക് ശമ്പളം കൂടുതൽ നൽകുന്നതായും ശ്രദ്ധയിൽ പെട്ടു. ഇതിനെ തുടർന്നാണ് രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ എന്തിനാണ് രാജിവെക്കുന്നത് പോലും ആരും ചോദിച്ചില്ലെന്നും അധ്യാപകൻ കുറിപ്പിൽ വ്യക്തമാക്കി. വകുപ്പ് മേധാവികളുമായുള്ള ചർച്ചയ്ക്ക് പോലും പ്രിൻസിപ്പാൾ തയ്യാറായില്ല. പ്രൊവിഡൻ്റ് ഫണ്ട് നൽകിയില്ലെന്നും അവസാനഘട്ടം ആകുമ്പോഴേക്ക് ശമ്പളത്തിൽ കുറവ് വന്നതായും അധ്യാപകൻ പറഞ്ഞു. ലിങ്ക്ഡിൻ വഴി അനുഭവം പങ്കുവച്ചതിന് പിന്നാലെ 1000 ത്തോളം വോട്ടുകളാണ് ഇദ്ദേഹത്തെ അനുകൂലിച്ചു കൊണ്ട് രേഖപ്പെടുത്തിയത്.