വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; ടെക്കിക്ക് നഷ്ടമായത് 11.8 കോടി

ബെം​ഗളൂരു സ്വദേശിയുടെ ആധാ‍ർ കാർഡ് കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് തുറക്കാൻ ദുരുപയോഗം ചെയ്തു എന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ടെക്കിയെ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റ് ചെയ്തത്
വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; ടെക്കിക്ക് നഷ്ടമായത് 11.8 കോടി
Published on

ബെം​ഗളൂരുവിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 39കാരനായ ടെക്കിക്ക് 11.8 കോടി നഷ്ടമായി. പൊലീസ് ഓഫീസ‍ർമാർ എന്ന് അവകാശപ്പെട്ടുകൊണ്ട് സോഫ്റ്റ്‌വെയ‍ർ എൻജീനിയറിൽ നിന്നാണ് പണം തട്ടിയത്. ബെം​ഗളൂരു സ്വദേശിയുടെ ആധാ‍ർ കാർഡ് കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് തുറക്കാൻ ദുരുപയോഗം ചെയ്തു എന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ടെക്കിയെ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റ് ചെയ്തത്. നവംബർ 25നും ഡിസംബർ 12നും ഇടയിലാണ് തട്ടിപ്പ് നടത്തിയത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടുകൊണ്ട് നവംബ‍ർ 11നാണ് ടെക്കിക്ക് ആദ്യമായി തട്ടിപ്പ് സംഘത്തിൽ നിന്ന് ഫോൺ കോൾ വരുന്നത്. ആധാർ കാർഡുമായി ബന്ധിപ്പിച്ച തൻ്റെ സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങൾക്കും, സന്ദേശങ്ങൾക്കും ഉപയോഗിച്ചതായും പറഞ്ഞു. തുട‍ർന്ന് മുംബൈ കൊളാബ പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ ഒരു കേസ് റജിസ്റ്റ‍ർ ചെയ്തതായും ഇവർ അറിയിച്ചു.

ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ മുന്നറിയിപ്പ് നൽകുകയും, വെർച്വൽ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ശാരീരികമായി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൈപ്പ് ആപ്പ് ‍‍ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടത് പ്രകാരം ചെയ്തപ്പോൾ, മുംബൈ പൊലീസാണെന്ന് പറഞ്ഞ് ഒരു യൂനിഫോം വേഷധാരി വീഡിയോ കോളിൽ വന്ന് ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒരു വ്യവസായി ഇയാളുടെ ആധാർ കാർഡ് കൊണ്ട് തുടങ്ങിയ ബാങ്ക് അക്കൗണ്ടിലൂടെ ആറ് കോടിയുടെ പണമിടപാട് നടത്തിയെന്നാണ് തട്ടിപ്പുകാർ പറഞ്ഞത്. വ്യാജ ആർബിഐ മാർഗനിർദേശങ്ങൾ ചൂണ്ടിക്കാട്ടി, തട്ടിപ്പുകാർ ടെക്കിയോട് ഏതാനും അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു, ഇല്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. എഫ്ഐആ‍ർ പ്രകാരം, അറസ്റ്റ് ഭയന്ന് ഇയാൾ പല തവണയായി 11.8 കോടി രൂപയോളം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.


ആൾമാറാട്ടം നടത്തി വഞ്ചന നടത്തിയതിന് ഐടി ആക്റ്റും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ പ്രസക്തമായ വകുപ്പുകളും പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com