"ഗാസക്ക് സമാനമായ അവസ്ഥ ഉണ്ടാവാതിരിക്കാൻ ഹിസ്ബുള്ളയെ രാജ്യത്ത് നിന്ന് പുറത്താക്കുക," മുന്നറിയിപ്പുമായി നെതന്യാഹു

ഹിസ്ബുള്ളയുടെ കഴിവുകൾ ഇസ്രയേൽ സൈന്യം പരിമിതപ്പെടുത്തിയെന്നും ആയിരക്കണക്കിന് തീവ്രവാദികളെ വധിച്ചെന്നുമായിരുന്നു നെതന്യാഹുവിൻ്റെ പ്രസ്താവന
"ഗാസക്ക് സമാനമായ അവസ്ഥ ഉണ്ടാവാതിരിക്കാൻ ഹിസ്ബുള്ളയെ രാജ്യത്ത് നിന്ന് പുറത്താക്കുക," മുന്നറിയിപ്പുമായി നെതന്യാഹു
Published on

ഹിസ്ബുള്ളയെ തുരത്തിയില്ലെങ്കിൽ വിനാശകരമായ യുദ്ധം നടക്കുമെന്ന് ലെബനൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നെതന്യാഹുവിൻ്റെ പ്രഖ്യാപനം. ഹിസ്ബുള്ളയുടെ കഴിവുകൾ ഇസ്രയേൽ സൈന്യം പരിമിതപ്പെടുത്തിയെന്നും ആയിരക്കണക്കിന് തീവ്രവാദികളെ വധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു. ഒപ്പം മുൻ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റളളയുടെ പിന്‍ഗാമിയായേക്കാവുന്ന നേതാക്കളെ വധിച്ചതായും നെതന്യാഹു പറയുന്നു.

"ഏറ്റവും പ്രിയപ്പെട്ട ലെബനനിലെ ജനങ്ങളേ, പശ്ചിമേഷ്യയിലെ പവിഴമെന്ന് നിങ്ങളെ വിശേഷിപ്പിച്ചിരുന്ന കാലത്തെ കുറിച്ച് ഓർക്കുന്നുണ്ടോ, ഞാൻ ഓർക്കുന്നു. ഇവിടം നശിപ്പിച്ചത് തീവ്രവാദികളാണ്. ഗാസയിലേത് പോലെ നാശത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കുന്ന ഒരു നീണ്ട യുദ്ധത്തിലേക്ക് വീഴും മുമ്പ് ലെബനനെ രക്ഷിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ലെബനനിലെ ജനങ്ങളേ, ഞാൻ നിങ്ങളോട് പറയുന്നു, ഈ യുദ്ധം അവസാനിപ്പിക്കാൻ നിങ്ങളുടെ രാജ്യത്തെ ഹിസ്ബുള്ളയിൽ നിന്ന് സ്വതന്ത്രമാക്കുക," നെതന്യാഹു വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകി.

ഹിസ്ബുള്ള തലവൻ ഹസന്‍ നസ്റളളയുടെ പിൻഗാമിയായേക്കാവുന്ന ആളെയും അയാൾക്ക് പകരക്കാരനായി വരാൻ ഹിസ്ബുള്ള തീരുമാനിച്ചവനെയും ഇസ്രയേൽ സൈന്യം വധിച്ചെന്ന് നെതന്യാഹു വീഡിയോയിലൂടെ പറയുന്നു. നസ്റളളയുടെ പിന്‍ഗാമിയായി കരുതുന്ന ഹാഷിം സഫീദ്ദീനെ ലക്ഷ്യം വെച്ച് ഇസ്രയേല്‍ നേരത്തെ വ്യോമാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തലവനായ സഫീദ്ദീനായിരിക്കും അടുത്ത സെക്രട്ടറി ജനറല്‍ എന്നാണ് നിരീക്ഷകർ വിശകലനം ചെയ്യുന്നത്. എന്നാൽ ഇയാൾക്ക് പകരക്കാരനെന്ന് നെതന്യാഹു വിശേഷിപ്പിച്ചത് ആരയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം ഇസ്രയേൽ നഗരമായ ഹൈഫയിലേക്ക് 135 മിസൈലുകൾ തൊടുത്തുവിട്ട് ശക്തമായ ആക്രമണം നടത്തിയിരിക്കുകയാണ് ഹിസ്ബുള്ള . സൈനിക താവളം ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസം നടന്ന ആക്രമണമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതിക്ക് ഒരാണ്ട് തികഞ്ഞ ദിവസമാണ് ഹിസ്ബുള്ളയുടെ ആക്രമണം. ഇസ്രയേലിൻ്റെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയിലേക്ക് 135 'ഫാദി 1' മിസൈലുകളാണ് തൊടുത്തുവിട്ടത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com