അർജുൻ പാണ്ഡ്യന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ കൃത്യവിലോപമാണിതെന്നും ബെന്നി ബഹന്നാൻ എംപി.
ദേശീയപാത 544ലെ ഗതാഗതക്കുരുക്കിൽ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെതിരെ രൂക്ഷ വിമർശനവുമായി ബെന്നി ബഹനാൻ എംപി. പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാൻ കളക്ടർ തീരുമാനിച്ചതും തുടർന്ന് അത് പിൻവലിച്ചതും ദിവസങ്ങൾക്കുള്ളിലാണ്. ഇതിന് പിന്നിലെ സമ്മർദ്ദം എന്താണെന്ന് കളക്ടർ വ്യക്തമാക്കണമെന്നും അർജുൻ പാണ്ഡ്യന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ കൃത്യവിലോപമാണിതെന്നും ബെന്നി ബഹന്നാൻ എംപി പറഞ്ഞു.
"ടോൾ പിരിവ് നിർത്തിവെക്കാൻ നിർദേശിച്ചത് സർക്കാരാണോ കരാർ കമ്പനിയാണോ എന്നത് കളക്ടർ വ്യക്തമാക്കണം. ജനപ്രതിനിധികളുടെ യോഗം വിളിക്കാതെയാണ് കളക്ടർ തീരുമാനമെടുത്തതും പിൻവലിച്ചതും". ദേശീയപാത 544ൻ്റെ നിർമാണം പൂർത്തിയാകും വരെ പാലിയേക്കരയിലെ ടോൾ പിരിവ് ഒഴിവാക്കണമെന്നും എംപി പറഞ്ഞു.
"ടോൾ പിരിക്കാനുള്ള കാലാവധി പൂർത്തിയാക്കിയ കരാർ കമ്പനി ഇതിനോടകം നാലിരട്ടി പിരിവ് നടത്തിക്കഴിഞ്ഞു. ദേശീയപാത നിർമാണത്തിലെ കാലതാമസത്തെ കുറിച്ച് മാത്രമല്ല പരാതി, നിർമാണത്തെ സംബന്ധിച്ചും ഒട്ടേറെ പരാതികൾ ഉണ്ട്. ഗുരുതരമായ ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കും", ബെന്നി ബഹനാൻ എംപി പറഞ്ഞു.