
പത്തനംതിട്ട പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിലെ തീപിടിത്തത്തിൽ 10 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി. ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ 45,000 പെട്ടി മദ്യം കത്തി നശിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദമായ അന്വേഷണം നടത്തുമെന്നും സ്ഥലം സന്ദർശിച്ച ഹർഷിത അട്ടല്ലൂരി പറഞ്ഞു.
മുപ്പതിനായിരം ചതുരശ്ര അടി വലിപ്പമുള്ള സംഭരണ കേന്ദ്രത്തിനാണ് ചെവ്വാഴ്ച രാത്രിയോടെ തീപിടിച്ചത്. ഗോഡൗണിന്റെ പിന്‍വശത്തായി വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നുമാകാം കെട്ടിടത്തിന് തീപിടിച്ചത് എന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥർ ഉയർത്തുന്ന സംശയം. തീപിടുത്തത്തിന്റെ കാരണം അറിയാൻ ശാസ്ത്രീയ തെളിവെടുപ്പ് ഇന്ന് ഉണ്ടാകും.
അഗ്നിരക്ഷാ മാർഗങ്ങളെല്ലാം ഉണ്ടായിരുന്ന ഗോഡൗൺ ആയിരുന്നു പുളിക്കീഴിലേതെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറയുന്നു. എന്താണ് സംഭവിച്ചതെന്ന് വിശദമായ അന്വേഷണം നടത്തും. കേരളത്തിലെ എല്ലാ ബെവ്കോ ഗോഡൗണിലുകളും ഫയർ ഓഡിറ്റ് നടത്തുമെന്നും ഹർഷിത വ്യക്തമാക്കി.