
“കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ
എന്റെ വംശത്തിൻ കഥയെഴുതി വെച്ചീടാൻ
ഉർവ്വിയിലൊരുവരുമില്ലാതെ പോയല്ലോ”
പൊയ്കയിൽ അപ്പച്ചൻ ഈ വരികളെഴുതുമ്പോൾ ചരിത്രത്തിലും വർത്തമാനത്തിലും ഇടം ലഭിക്കാതെപോയ വലിയ ഒരു ജനവിഭാഗം ഇന്ത്യയിൽ അസ്പർശ്യരായി കഴിയുന്നുണ്ടായിരുന്നു. ജാതി മേൽക്കൊയ്മയുടെ കാലടികളിൽ ഞെരിഞ്ഞമർന്ന അവർക്കായി അവകാശപോരാട്ടങ്ങൾ നടത്തുകയും ശബ്ദവും ദൃശ്യതയും എല്ലാവരുടെയും അവകാശമാണ് എന്ന് പറയുകയും ചെയ്ത വ്യക്തിയാണ് ഡോ. ഭീംറാവു അംബേദ്കർ. ഏപ്രിൽ 14ന് ആ യുഗപുരുഷന്റെ 134-ാം ജന്മദിനമാണ്. ഭരണഘടനാ ശിൽപിയെന്ന വിശേഷണത്തിനപ്പുറം ഇന്ത്യയിലെ ബഹുഭൂരിപക്ഷവും നേരിട്ട അപരത്വം എടുത്തുമാറ്റി ആത്മാഭിമാനം പ്രതിഷ്ഠിച്ച നേതാവ് കൂടിയാണ് അംബേദ്കർ.
സമത്വത്തിൻ്റെ അചഞ്ചലനായ വക്താവ്, സാമൂഹിക പരിഷ്കർത്താവ്, രാജ്യത്തിൻ്റെ ഭരണഘടനാശില്പി, സാമ്പത്തിക ശാസ്ത്രജ്ഞൻ, നിയമജ്ഞൻ എന്നിങ്ങനെ ഡോ. ഭീം റാവു അംബേദ്കർ എന്ന ബി.ആർ. അംബേദ്കറിന് വിശേഷണങ്ങൾ ഏറെയാണ്. 1891ൽ മധ്യപ്രദേശിലെ മോവിൽ ജനിച്ച അംബേദ്കർ ജാതിവ്യവസ്ഥയെ മറികടന്ന് അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി മാറിയപ്പോൾ അത് ചരിത്രമായി. ദലിതർക്ക് വിദ്യാഭ്യാസം പോലും അന്യമായിരുന്ന കൊടിയ ജാതിവിവേചനം നിലനിന്ന കാലത്ത് അംബേദ്കർ അതേ വിദ്യാഭ്യാസത്തെ തന്റെ പോരാട്ടത്തിന്റെ ഭാഗമാക്കി. 1912ൽ ബോംബെ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടി. കോളേജിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, 1913-ൽ ബറോഡ സംസ്ഥാനത്തെ മഹാരാജാവായിരുന്ന സയാജിറാവു ഗെയ്ക്‌വാദ്, അമേരിക്കയിലെ ന്യൂയോർക്കിലുള്ള കൊളംബിയ സർവകലാശാലയിൽ എം.എ.യും പിഎച്ച്ഡിയും ചെയ്യാന്‍ അദ്ദേഹത്തിന് സ്കോളർഷിപ്പ് നൽകി. 'ദി അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് ഓഫ് ഈസ്റ്റ് ഇന്ത്യാ കമ്പനി', എന്നതായിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റേഴ്സ് തീസിസ് (1916). 'ദി എവല്യൂഷൻ ഓഫ് പ്രൊവിൻഷ്യൽ ഫിനാൻസ് ഇൻ ഇന്ത്യ: എ സ്റ്റഡി ഇൻ ദി പ്രൊവിൻഷ്യൽ ഡിസെൻട്രലൈസേഷൻ ഓഫ് ഇംപീരിയൽ ഫിനാൻസ്' എന്ന വിഷയത്തിലാണ് അദ്ദേഹം തന്റെ പിഎച്ച്ഡി തീസിസ് സമർപ്പിച്ചത്.
Also Read: സാഹിത്യത്തിലെ 'നായകന്റെ കാലം'; വിട, യോസാ...
പിന്നീട് ലണ്ടനിലേക്ക് താമസം മാറിയ ഡോ. അംബേദ്കർ, സാമ്പത്തിക ശാസ്ത്രം പഠിക്കാനായി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ (എൽഎസ്ഇ) രജിസ്റ്റർ ചെയ്യുകയും നിയമം പഠിക്കാൻ ഗ്രേസ് ഇന്നിൽ ചേരുകയും ചെയ്തു. എന്നാൽ, ഫണ്ടിന്റെ അഭാവം മൂലം, 1917ൽ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. 1918ൽ, മുംബൈയിലെ സിഡെൻഹാം കോളേജിൽ പൊളിറ്റിക്കൽ ഇക്കണോമി പ്രൊഫസറായി. ഈ സമയത്ത്, പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടവകാശം ആവശ്യപ്പെട്ട് അദ്ദേഹം സൗത്ത്ബറോ കമ്മിറ്റിക്ക് ഒരു പ്രസ്താവന സമർപ്പിച്ചു.
1920-ൽ, കോലാപ്പൂരിലെ ഛത്രപതി ഷാഹുജി മഹാരാജിന്റെ സാമ്പത്തിക സഹായത്തോടെ, ഒരു സുഹൃത്തിൽ നിന്നുള്ള വ്യക്തിഗത വായ്പയും ഇന്ത്യയിൽ താമസിച്ചിരുന്ന സമയത്തെ തന്റെ സമ്പാദ്യവും ഉപയോഗിച്ച്, ഡോ. അംബേദ്കർ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ലണ്ടനിലേക്ക് മടങ്ങി. 1922-ൽ അംബേദ്കറെ ബാറിൽ ചേരാൻ ക്ഷണിക്കുകയും അദ്ദേഹം ബാരിസ്റ്റർ-അറ്റ് ലോ ആയി മാറുകയും ചെയ്തു. എൽഎസ്ഇയിൽ നിന്ന് എംഎസ്‌സിയും ഡിഎസ്‌സിയും പൂർത്തിയാക്കി. 'ദി പ്രോബ്ലം ഓഫ് ദി റുപ്പി' എന്ന പേരിൽ അദ്ദേഹം തന്‍റെ ഡോക്ടറൽ പ്രബന്ധം പിന്നീട് പ്രസിദ്ധീകരിച്ചു.
ഇന്ത്യയിലേക്ക് എത്തിയ അംബേദ്കർ ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ 'തൊട്ടുകൂടാതെ, തീണ്ടിക്കൂടാതെ' മാറ്റി നിർത്തപ്പെട്ട ഒരു ജനതയുടെ സ്വത്വത്തെ ഉയർത്തിക്കാട്ടി. ബഹിഷ്കൃത ഹിതകാരിണി സഭ (പുറന്തള്ളപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള സൊസൈറ്റി) സ്ഥാപിക്കുകയും ഇന്ത്യൻ സമൂഹത്തിലെ ചരിത്രപരമായി അടിച്ചമർത്തപ്പെട്ടവർക്ക് നീതിയും പൊതുവിഭവങ്ങളിൽ തുല്യ പങ്കാളിത്തവും ആവശ്യപ്പെട്ട് 1927ൽ മഹാദ് സത്യാഗ്രഹം പോലുള്ള സാമൂഹിക പ്രസ്ഥാനങ്ങൾക്ക് നേതൃത്വവും നൽകി. അതേ വർഷം തന്നെ, അദ്ദേഹം ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായി. മഹാത്മാ ഗാന്ധി-അംബേദ്കർ സംവാദം ഇന്നും ഈ രാജ്യത്ത് ജാതി എങ്ങനെ 'നിഷ്കളങ്കമായ' മേല്‍മൂടി ധരിച്ച് പ്രവർത്തിക്കുന്നു എന്ന് പഠിക്കാന്‍ ഉതകുന്ന ചരിത്രരേഖയാണ്.
1947 ഓഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിയായി അംബേദ്കർ സത്യപ്രതിജ്ഞ ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യയുടെ ഭരണഘടന ശിൽപിയായും അംബേദ്കർ മാറിയപ്പോൾ അത് കാവ്യനീതിയായി. ഇന്ന് ഭരണഘടന ചോദ്യചെയ്യപ്പെടുന്ന നിമിഷങ്ങളിൽ അംബേദ്കറിന്റെ പേരുയർത്തിയാണ് രാഷ്ട്രീയ കക്ഷികൾ പോരടിക്കുന്നത്. എല്ലാ കക്ഷികളും അംബേദ്കറിന്റെ പാരമ്പര്യത്തിന്റെ അവകാശികളാകാൻ പോരടിക്കുന്ന കാഴ്ചയാണ് ആധുനിക ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്. അംബേദ്കർ, അംബേദ്കർ എന്ന് നിയമനിർമാണ സഭകളില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങുമ്പോള്‍, അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇന്ത്യയിലൊട്ടാകെ മാറ്റൊലികൊള്ളുന്നു - ‘വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും’.