അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം, ബിഷപ്പ് ജോസഫ് പാംപ്ലാനി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍; സമരം താൽക്കാലികമായി അവസാനിപ്പിച്ചു

സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം സംഘര്‍ഷഭരിതമായിരുന്നു.
അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം, ബിഷപ്പ് ജോസഫ് പാംപ്ലാനി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍; സമരം താൽക്കാലികമായി അവസാനിപ്പിച്ചു
Published on


സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കം കടുത്തതോടെ അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റത്തിന് നടപടി. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആകും. അഡ്മിനിസ്‌ട്രേഷന്‍ സ്ഥാനത്തു നിന്നുള്ള ബോസ്‌കോ പുത്തൂരിന്റെ രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ അംഗീകരിച്ചു. വിമത വിശ്വാസികൾ അടക്കമുള്ളവരുടെ ആവശ്യത്തിന് പിന്നാലെയാണ് പാംപ്ലാനിയെ നിയമിക്കാനുള്ള നടപടികളിലേക്ക് കടന്നത്. ഇതോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

പാംപ്ലാനി പിതാവിനെ നിയമിച്ച നടപടി 21 വൈദികരുടെ സഹനത്തിന്റെ ഫലമാണെന്ന് ഫാദര്‍ ജോസഫ് മുണ്ടാടൻ പറഞ്ഞു. ജോയ്‌സ് അച്ചന്റെ മൂന്ന് ദിവസത്തെ നിരാഹാരത്തിന്റേയും സിസ്റ്റര്‍മാരുടെയും വിശ്വാസികളുടെയും നിരന്തരമായ പ്രാര്‍ഥനയുടെയും നിരന്തരമായ സഹനത്തിന്റെയും ഫലമാണ് ഇപ്പോള്‍ കേട്ട ഈ വാര്‍ത്ത എന്നും ഫാദര്‍ ജോസഫ് മുണ്ടാടൻ പറഞ്ഞു.

സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം സംഘര്‍ഷഭരിതമായിരുന്നു. ബിഷപ് ഹൗസിനകത്ത് സമരം നടത്തിയിരുന്ന വൈദികരെ പൊലീസ് പുലര്‍ച്ചെ ബലമായി നീക്കം ചെയ്തതോടെ ആരംഭിച്ച സംഘര്‍ഷം തെരുവിലേക്ക് നീങ്ങുകയായിരുന്നു. പല തവണ പൊലീസും വൈദികരുമായി ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകരെയും വിമത വിഭാഗം കൈയ്യേറ്റം ചെയ്തു. സമരം രൂക്ഷമായതോടെ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ രാജിവെക്കുകയും ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അതിനാടകീയമായി പൊലീസ് ബിഷപ്പ് ഹൗസിന് അകത്തേക്ക് കടന്നത്. സമരം ചെയ്തിരുന്ന 21 വൈദികരെയും വലിച്ച് പുറത്തിറക്കി. രൂപതാ നേതൃത്വത്തില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ബസലിക്ക കേന്ദ്രീകരിച്ചുകൊണ്ട് വൈദികരും വിശ്വാസികളും സംഘടിച്ചതോടെ സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലേക്കെത്തി.

ബിഷപ് ഹൗസില്‍ നിന്ന് നീക്കം ചെയ്ത വൈദികരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ അവരെ ബിഷപ്പ് ഹൗസിലേക്ക് തന്നെ കൊണ്ടുപോകണം എന്ന് സമരക്കാര്‍ നിലപാടെടുത്തു. തര്‍ക്കം നീണ്ടതോടെ ഗെയ്റ്റ് പൊളിച്ച് ഉള്ളില്‍ പ്രവേശിച്ചു. പിന്നാലെ സബ് കളക്ടറും ഡിസിപിയും സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. 21 വൈദികരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

ഇതിനിടെ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വിമത വൈദികരെ അനുകൂലിക്കുന്ന വിശ്വാസികള്‍ കൈയ്യേറ്റം നടത്തി. ന്യൂസ് മലയാളം കൊച്ചി ബ്യൂറോ ചീഫ് സഹിന്‍ ആന്റണിക്ക് മര്‍ദനമേറ്റു. കൈയ്യേറ്റം നടത്തിയതില്‍ പിന്നീട് വൈദികര്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞു.

സഭ സിനഡ് ഇന്ന് സമാപിക്കുമ്പോള്‍ തന്നെ കുര്‍ബാന തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. കൂരിയയെ പുറത്താക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി അടുത്ത ദിവസം സമരം കൂടുതല്‍ ശക്തമാക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com