യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്‍റെ വിജയം ആഘോഷിക്കുകയാണ് ക്രിപ്റ്റോ വിപണി
ട്രംപ് ഭരണത്തിന് കീഴില്‍ സുവർണ കാലം പ്രതീക്ഷിച്ചിരിക്കുന്ന ക്രിപ്റ്റോ വിപണിക്ക് ശുഭസൂചനയുമായി ബിറ്റ്‍കോയിന്‍റെ കുതിപ്പ്. ചരിത്രത്തിലാദ്യമായി 80,000 ഡോളറിന് മുകളിലാണ് ബിറ്റ് കോയിൻ മൂല്യം എത്തിയിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്‍റെ വിജയം ആഘോഷിക്കുകയാണ് ക്രിപ്റ്റോ വിപണി. ഡിജിറ്റല്‍ നിക്ഷേപങ്ങളുടെ വലിയ ആരാധകനായ ട്രംപ്, വിപണിക്ക് അനുകൂലമായി വരുമെന്ന പ്രതീക്ഷയാണ് ഈ കുതിപ്പിന് പിന്നില്‍. ഞായറാഴ്ച്ച 4.3% ഉയർച്ചയോടെ 79,000 ഡോളറിലാണ് ബിറ്റ് കോയിൻ. വ്യാപാരം ആരംഭിച്ച തിങ്കളാഴ്ച ഇത് 81,000 ഡോളറിന് മുകളിലേക്കുയർന്ന് റെക്കോർഡിട്ടു. 38,505 ഡോളർ വരെ ഇടിഞ്ഞതിന് ശേഷം ഇരട്ടി കുതിപ്പോടെയാണ് ബിറ്റ് കോയിന്‍റെ തിരിച്ചുവരവ്. കാർഡാനോ, ഡോഗി കോയിൻ എന്നീ ചെറു ക്രിപ്റ്റോകളും വിപണിയില്‍ ലാഭമുണ്ടാക്കി.
ALSO READ: 'രാജിവെച്ച് കമലയെ ആദ്യ വനിതാ പ്രസിഡന്‍റാക്കണം'; ജോ ബൈഡനോട് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍
അമേരിക്കയെ ക്രിപ്റ്റോ സെന്‍ററാക്കി മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് തെരഞ്ഞെടുപ്പ് റാലികളിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ബിറ്റ് കോയിൻ ദേശീയ ശേഖരത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഡിജിറ്റൽ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് റെഗുലേറ്റർമാരെ നിയമിക്കുമെന്ന പ്രഖ്യാപനവും വിപണിക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്. ഇരു സഭകളുടെ നിയന്ത്രണം കൂടി റിപ്പബ്ലിക്കന്‍സിന് ലഭിക്കുന്നതോടെ ഈ വാഗ്ദാനങ്ങളെല്ലാം വെളിച്ചം കാണാനുള്ള സാധ്യതയാണുള്ളത്.
യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് കമ്മീഷൻ ചെയർ ഗാരി ജെൻസ്‌ലറെ പുറത്താക്കി ബെെഡന്‍ സർക്കാർ കൊണ്ടുവന്ന കടുത്ത നിയന്ത്രണൾ ഇല്ലാതാക്കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് ട്രംപ് മുന്നോട്ടുവെച്ചിട്ടുള്ളത്.
ALSO READ: വേറെ ലെവൽ; എഐ റോബോട്ടിന്‍റെ പെയിന്‍റിംഗ് വിറ്റുപോയത് 18 ലക്ഷം ഡോളറിന്
ക്രിപ്റ്റോ വ്യവസായി കൂടിയായ ട്രംപ്, സെപ്റ്റംബറിൽ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന പുതിയ ക്രിപ്‌റ്റോ ബിസിനസിലൂടെ സ്റ്റേബിള്‍ കോയിനെന്ന പുതിയ ക്രിപ്റ്റോ ആസ്തി കൂടി വികസിപ്പിച്ചിട്ടുണ്ട്. ട്രംപിൻ്റെ പ്രധാന സഖ്യകക്ഷിയായ ബില്യണയർ ഇലോൺ മസ്‌കും ക്രിപ്‌റ്റോ കറൻസികളുടെ വക്താവാണ്.
ക്രിപ്റ്റോ അടക്കമുള്ള ഡിജിറ്റൽ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ നയം കൈക്കൊള്ളാനാണ് സാധ്യതയെന്ന് വിപണി വിദഗ്ദരും കരുതുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്യാമ്പയിനോട് അനുബന്ധിച്ച് തങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന കാൻഡിഡേറ്റിന് വേണ്ടി ഡിജിറ്റൽ അസറ്റ് കമ്പനികൾ പണമൊഴുക്കിയതായും റിപ്പോർട്ടുകളുണ്ട്. പ്രചരണ ഫണ്ടിലേക്ക് ക്രിപ്റ്റോ കറന്‍സികളും സ്വീകരിച്ചിരുന്നു. ക്രിപ്റ്റോ കറന്‍സികളെ പ്രോത്സാഹിപ്പിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാർഥികള്‍ക്കായി ഈ തെരഞ്ഞെടുപ്പില്‍ 19 മില്യൺ ഡോളറിലധികം ക്രിപ്റ്റോ വ്യവസായികള്‍ ചെലവഴിച്ചതായാണ് കണക്കുകള്‍.
ALSO READ: ഞാൻ തന്നെ; പേജർ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നെതന്യാഹു