ഡൽഹി സർക്കാർ രൂപീകരണത്തിനൊരുങ്ങി ബിജെപി; മുഖ്യമന്ത്രിയെ എംഎൽഎമാരിൽ നിന്ന് തെരഞ്ഞെടുക്കും; പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും

കെജ്‌രിവാളിനെ പരാജയപ്പെടുത്തി എഎപിക്ക് കനത്ത ഷോക്ക് നൽകിയ സാഹചര്യത്തിൽ പർവേഷ് വർമ്മയുടെ പേരിന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സാധ്യതയേറുകയാണ്.
ഡൽഹി സർക്കാർ രൂപീകരണത്തിനൊരുങ്ങി ബിജെപി; മുഖ്യമന്ത്രിയെ എംഎൽഎമാരിൽ നിന്ന് തെരഞ്ഞെടുക്കും; പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും
Published on

ഡൽഹി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയിൽ സജീവ ചർച്ചകൾ. എംഎൽഎമാരിൽ നിന്നാകും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് നിലവിൽ പുറത്തുവരുന്നു റിപ്പോർട്ടുകൾ. വിദേശ സന്ദർശനം കഴിഞ്ഞെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രഖ്യാപിക്കും.

ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് വിജയിച്ച പർവേഷ് വർമ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന സൂചനകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എഎപിയുടെ കരുത്തും,സ്ഥാപകനും മുൻമുഖ്യമന്ത്രിയും എല്ലാമായ സാക്ഷാൽ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തി നേടിയ വിജയം പർവേഷ് വർമ്മയ്ക്ക് ബിജെപിയിൽ പ്രത്യേക പരിഗണന ലഭിക്കാൻ കാരണമാകുമെന്നതിൽ തർക്കമില്ല.


അരവിന്ദ് കെജ്‌രിവാൾ പർവേഷ് വർമ്മയോട് പരാജയപ്പെട്ടത് സിറ്റിങ് സീറ്റായ ന്യൂഡൽഹി മണ്ഡലത്തിലാണ്. മൂന്നു തവണ ജയിച്ചുകയറിയ മണ്ഡലത്തിൽ കെജ്‌രിവാളിന് ഇക്കുറി അടിപതറിയത് 4,089 വോട്ടുകൾക്ക്. പർവേഷ് വർമ 30,088 വോട്ടുകൾ പിടിച്ചപ്പോൾ കെജ്‌രിവാളിന് നേടാനായത് 25,999 വോട്ടുകൾ. കെജ്‌രിവാളിനെ പരാജയപ്പെടുത്തി എഎപിക്ക് കനത്ത ഷോക്ക് നൽകിയ സാഹചര്യത്തിൽ പർവേഷ് വർമ്മയുടെ പേരിന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സാധ്യതയേറുകയാണ്.

പത്തുവർഷം ഭരിച്ച ആംആദ്മി പാർട്ടിയെ നിലതൊടാതെ തോൽപ്പിച്ചാണ് ഇത്തവണ ഡൽഹി തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയത്. മുൻ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എഎപിയിലെ പ്രമുഖരെല്ലാം തോറ്റുമടങ്ങിയ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ നേട്ടം കൊയ്തു.27 വർഷത്തിനുശേഷമാണ് ബിജെപി രാജ്യതലസ്ഥാനത്ത് ഭരണം നേടുന്നത്.


മദ്യനയക്കേസിൽ ആരോപണവിധേയരായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയുമടക്കം തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയത് ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ ഭാവിക്ക് മേൽ ചോദ്യ ചിഹ്നമുയർത്തുന്നുണ്ട്.  ന്യൂ ഡൽഹി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങി പ്രമുഖ നേതാക്കൾ പരാജയപ്പെട്ടു. കൽക്കാജി മണ്ഡലത്തിൽ നിലവിലെ ഡൽഹി മുഖ്യമന്ത്രിയായ അതിഷി മർലേന വിജയിച്ചതാണ് ആം ആദ്മിക്ക് ഏക ആശ്വാസം. ബിജെപിയുടെ രമേഷ് ബിധുരിയായിരുന്നു അതിഷിയുടെ എതിരാളി. 

ഇത്തവണത്തെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പാർട്ടികളുടെ വോട്ടുവിഹിതം യഥാക്രമം ബിജെപി 46.39%, ആം ആദ്മി പാർട്ടി 43.47%, കോണ്‍ഗ്രസ് 6.38% എന്നിങ്ങനെയാണ്.1998 മുതൽ 2013 വരെ തുടർച്ചയായി 15 വർഷം അധികാരത്തിലിരുന്ന കോൺഗ്രസിന് 2015ലും 2020ലും അക്കൗണ്ട് തുറക്കാനായിരുന്നില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ കോൺഗ്രസ് സംപൂജ്യരായി മാറി. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com