എംപിയുടെ പ്രദേശിക വികസന ഫണ്ടിൽ നവീകരിച്ച വായനശാല സിപിഎം ലോക്കൽ കമ്മറ്റി ഓഫീസാക്കി മാറ്റി; പരാതിയുമായി ബിജെപി നേതാവ്

എംപിയുടെ പ്രദേശിക വികസന ഫണ്ടിൽ നവീകരിച്ച വായനശാല സിപിഎം ലോക്കൽ കമ്മറ്റി ഓഫീസാക്കി മാറ്റി; പരാതിയുമായി ബിജെപി നേതാവ്

വായനശാലയ്ക്ക് മാറ്റം വരുത്തിയിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.
Published on


മന്ത്രി എം ബി രാജേഷ്,  എം പിയായിരുന്ന കാലത്തെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നവീകരിച്ച വായനശാല, സിപിഎം ലോക്കൽ കമ്മറ്റി ഓഫീസാക്കി മാറ്റിയെന്ന് പരാതി. പാലക്കാട് നഗരത്തിലെ  ടൗൺ ലോക്കൽ കമ്മറ്റി ഓഫീസിനെതിരെയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.എന്നാൽ, വായനശാലയ്ക്ക് മാറ്റം വരുത്തിയിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.


എം ബി രാജേഷ് എം പി യായിരുന്നപ്പോൾ, 2017- 18 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ പാലക്കാട് നഗരത്തിലെ കൊപ്പം പൗരസംഘം വായനശാലയുടെ നവീകരണത്തിനായി അനുവദിച്ചിരുന്നു. എന്നാലിപ്പോൾ  വായനശാലയുടെ മുകൾ നില സിപിഎം ടൗൺ ലോക്കൽ കമ്മറ്റി ഓഫീസാക്കി മാറ്റിയതാണ് പരാതിക്ക് കാരണമായത്. എം പി ഫണ്ട് വിനിയോഗത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി ബിജെപി ജില്ലാ കളക്ടർക്ക് പരാതി നൽകി. 

എന്നാൽ വായനശാലയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും, കെട്ടിടത്തിൻ്റെ മുകൾ നിലയാണ് പാർട്ടി ഓഫീസായി പ്രവർത്തിക്കുന്നതെന്നും സി പി എം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ മറ്റ് നിയമ നടപടികളിലേക്ക് കടക്കാനാണ് ബിജെപി തീരുമാനം.

News Malayalam 24x7
newsmalayalam.com