പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം മുതൽ കാര്യങ്ങൾ താളം തെറ്റിയെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ. ശോഭ സുരേന്ദ്രൻ മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും ശിവരാജന്‍ പറഞ്ഞു.
നേതൃത്വത്തിനെതിരെയും സ്ഥാനാർഥി നിർണയത്തിലുമാണ് എന്‍. ശിവരാജന്‍റെ വിമർശനം. ശോഭ സുരേന്ദ്രനോ, കെ സുരേന്ദ്രനോ, മുരളീധരനോ മത്സരിച്ചിരുന്നെങ്കിൽ ചരിത്രം മാറിയേനെ. ബിജെപിയുടെ മേൽക്കൂര ദ്രവിച്ചു. ബിജെപിയുടെ മേൽക്കൂര അഴിച്ചുപണിതാൽ പാലക്കാട് ഉഴുതു മറിക്കാനാകുമെന്നും ശിവരാജൻ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർ കഴിവുള്ള നേതാവാണെന്നും ശിവരാജന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, സന്ദീപ് കോൺഗ്രസിലേക്ക് പോയത് എടുത്തു ചാട്ടമെന്നും ദേശീയ കൗൺസിൽ അംഗം കൂട്ടിച്ചേർത്തു.
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലാണ് വിജയിച്ചത്. 18,724 വോട്ടുകൾക്കാണ് രാഹുൽ നിയമസഭാ ടിക്കറ്റ് ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ സി. കൃഷ്ണകുമാറിന് 39,243 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി പി. സരിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ നിന്നും ഇടതു പാളയത്തിലേക്ക് ചേക്കേറിയ സരിന് 37,046 വോട്ടുകളാണ് ലഭിച്ചത്.
Also Read: ട്വിസ്റ്റോട് ട്വിസ്റ്റ്; തെരഞ്ഞെടുപ്പ് കാലത്ത് പാലക്കാട് അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളിലേക്ക് തിരിഞ്ഞു നോട്ടം
ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ശക്തി കേന്ദ്രമായ നഗരസഭയിൽ പോലും ബിജെപി പിന്നോട്ട് പോയി. സംസ്ഥാന അധ്യക്ഷനുൾപ്പെടെ എല്ലാ സംഘടനാ സംവിധാനവും ചേർന്ന് പ്രവർത്തിച്ചിട്ടും ഫലം അനുകൂലമാകാത്തതില്‍ ബിജെപി നേതൃത്വത്തിനുള്ളില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് ശിവരാജന്‍റെ പ്രതികരണം സൂചിപ്പിക്കുന്നത്.
സി. കൃഷ്ണകുമാർ വിരുദ്ധ വിഭാഗം കാലുവാരിയതാണ് വോട്ട് കുറയാൻ കാരണമെന്നാണ് ഔദ്യോഗിക നേതൃത്വത്തിൻ്റെ വിലയിരുത്തൽ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് ലഭിച്ച വോട്ട് പോലും നേടാൻ കഴിയാതെ പോയത് സി. കൃഷ്ണകുമാറിന് കനത്ത തിരിച്ചടിയാണ്. കൃഷ്ണകുമാർ സ്ഥിരമായി മത്സരിക്കുന്നു എന്നതാണ് എതിർ വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായത്. വോട്ട് കുറഞ്ഞത് വരും ദിവസങ്ങളില്‍ പാർട്ടിയിലെ ഭിന്നത രൂക്ഷമാക്കും.