
സന്ദീപ് വിഷയത്തിൽ മറുപടിയില്ലെന്ന് മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. സന്ദീപ് വാര്യർ വിഷയത്തിൽ മറുപടി പറയാനില്ലെന്നും അതിലും പ്രധാനപ്പെട്ടത് വഖഫ് വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം സമരം വളരെ ഗൗരവകരമാണെന്നും, കേരളത്തിൽ എത്ര വഖഫ് ഭൂമിയുണ്ടെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നും പ്രകാശ് ജാവ്ദേക്കർ ആവശ്യപ്പെട്ടു.
സർക്കാർ ഭൂമി,സ്വകാര്യ ഭൂമി മറ്റ് മതസ്ഥരുടെ ഭൂമി എന്നിങ്ങനെ വേർതിരിച്ച് വ്യക്തമാക്കണം ഏത് ഭൂമിക്കുമേലും അവകാശം ഉന്നയിക്കാവുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. പള്ളിക്ക് നേരെ അക്രമം നടന്നാൽ മാത്രമാണ് ശബ്ദമുയരുന്നത്. കൽപ്പാത്തിയും നൂറണിയും വഖഫിന് കീഴിലാണെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.
ഇന്ത്യയിലെ മുഴുവൻ ഭൂമിയും വഖഫിൻ്റേതാണെന്ന് പറയുന്ന അവസ്ഥയുണ്ടെന്നും പ്രകാശ് ജാവ്ദേക്കർ അഭിപ്രായപ്പെട്ടു. അതേസമയം മുനമ്പം ഭൂപ്രശ്നം വൻ വിവാദമായതോടെ വിശദീകരണവുമായി വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ രംഗത്തെത്തി. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട രേഖകൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം വഖഫ് ഭൂമിപ്രശ്നത്തിൽ നാട്ടുകാർക്ക് പിന്തുണയുമായി എറണാകുളം ഗ്രാൻഡ് മസ്‌ജിദ് ഇമാം രംഗത്തെത്തിയിരുന്നു. പണം നൽകി ഭൂമി വാങ്ങിയവരെ ഒഴിപ്പിക്കുന്നത് നീതികേടെന്ന് ഇമാം ഫൈസൽ അസ്ഹരി വ്യക്തമാക്കി. മുനമ്പത്തെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനെ മുസ്ലിം സംഘടനകൾ അനുകൂലിക്കില്ലെന്നും, സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും ഇമാം ഫൈസൽ അസ്‌ഹരി ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.