
കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഡൽഹിയിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്നാണ് നേതാവിൻ്റെ പരിഹാസം. അടുത്ത മാസം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പ്രസ്താവന.
ഇത്തരം പരാമർശങ്ങൾ നേതാവിൻ്റെ വൃത്തികെട്ട മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. "പ്രിയങ്ക ഗാന്ധിയെക്കുറിച്ചുള്ള രമേശ് ബിധുരിയുടെ പ്രസ്താവന ലജ്ജാകരം മാത്രമല്ല, സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ വെറുപ്പുളവാക്കുന്ന മാനസികാവസ്ഥയും പ്രകടമാക്കുന്നു. എന്നാൽ, സഭയിൽ തന്റെ സഹ എംപിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചിട്ടും ഒരു ശിക്ഷയും ലഭിക്കാത്ത ഒരാളിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക? ഇതാണ് ബിജെപിയുടെ യഥാർത്ഥ മുഖം," കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനതേ പ്രസ്താവനയിൽ പറഞ്ഞു.
ഇങ്ങനെ ഒരു നേതാവിൻ്റെ കീഴിൽ ഡൽഹിയിലെ സ്ത്രീകൾ സുരക്ഷിതരാണോയെന്ന് ആം ആദ്മിയും പ്രതികരിച്ചു. "ഇത് ബിജെപിയുടെ സ്ഥാനാർത്ഥിയാണ്. അദ്ദേഹത്തിന്റെ ഭാഷ കേൾക്കൂ. ഇതാണ് ബിജെപിയുടെ സ്ത്രീകളോടുള്ള ബഹുമാനം. ഇത്തരം നേതാക്കളുടെ കൈകളിൽ ഡൽഹിയിലെ സ്ത്രീകളുടെ അഭിമാനം സുരക്ഷിതമായിരിക്കുമോ?" - ആം ആദ്മി എംപി സഞ്ജയ് സിംഗ് എക്സിൽ കുറിച്ചു.
പരാമർശം വിവാദമായതോടെ പ്രതിപക്ഷ നേതാക്കളുടെ മുൻകാല പരാമർശങ്ങൾ എടുത്തുപറഞ്ഞ് പ്രതിരോധിക്കാനാണ് രമേഷ് ബിധുരി ശ്രമിച്ചത്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് നടിയും രാഷ്ട്രീയ നേതാവുമായി ഹേമാ മാലിനിക്കെതിരെ നടത്തിയതായി ആരോപിക്കപ്പെടുന്ന സമാനമായ ഒരു പരാമർശം ഓർമിപ്പിച്ചുകൊണ്ടാണ് ബിജെപി നേതാവ് തന്റെ പരാമർശത്തെ ന്യായീകരിച്ചത്. എന്നാൽ അധികം വൈകാതെ തന്റെ പരമാർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബിധുരി രംഗത്തെത്തി.
"ചിലർ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ നേട്ടത്തിനായി പ്രസ്താവനകൾ നടത്തുന്നു. ചില സന്ദർഭങ്ങളിൽ ഞാൻ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ തെറ്റായ ധാരണയുണ്ടാക്കുന്നു. ആരെയും അപമാനിക്കുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശ്യം. എന്നിട്ടും, ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു," ബിധുരി എക്‌സിൽ കുറിച്ചു.
മുൻപും രമേഷ് ബിധുരി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. 2023-ൽ നടന്ന പാർലമെന്റ് സമ്മേളനത്തിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംപി കുൻവർ ഡാനിഷ് അലിയെ (ഇപ്പോൾ കോൺഗ്രസിൽ) ഇസ്ലാമോഫോബിയ നിറഞ്ഞ അധിക്ഷേപം നടത്തിയതിന് ബിധുരി വിമർശിക്കപ്പെട്ടിരുന്നു. വിഷയത്തിൽ പ്രതിഷേധം ഉയർന്നിട്ടും, ബിധുരിക്കെതിരെ ബിജെപി കാര്യമായ അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കൽക്കാജി നിയോജകമണ്ഡലത്തിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷി മർലേനയെ നേരിടാൻ ബിജെപി നിയോഗിച്ചിരിക്കുന്നത് ബിധുരിയെയാണ്.