
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരെ വിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. ഇരുപക്ഷവും തമ്മിൽ ഡീലാണ്. തന്റേടമില്ലാത്ത പ്രതിപക്ഷമാണ് സംസ്ഥാനത്തുള്ളത്. നിയമസഭയെ കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കാൻ ഉപയോഗിക്കുന്നു. സഭയിൽ കേന്ദ്രത്തിനെതിരായി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.
അധികാരം നിലനിർത്താൻ സിപിഎം ഏതറ്റം വരെയും പോകും. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരിൽ ചിലർ ഭീഷണിക്ക് വഴങ്ങുന്നവരാണ്. ഇവരെ കൂട്ടുപിടിച്ചുകൊണ്ടാണ് സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത്. ഇങ്ങനെ ചെയ്ത് ചെയ്താണ് ഒരു കനൽത്തരി പോലുമില്ലാത്ത ഇടമായി ബംഗാൾ മാറിയത്. അതേ ദിശയിലാണ് കേരളം പോകുന്നതെന്നും വി. മുരളീധരൻ പരിഹസിച്ചു.
ചന്ദ്രനും സൂര്യനും ഉണ്ടാകുന്ന കാലം വരെ സിപിഎം അധികാരത്തിൽ കാണുമെന്നു കരുതരുത്. അതുകൊണ്ട് ഉദ്യോഗസ്ഥർ മാർക്സിസ്റ്റ് പാർട്ടിയുടെ വിടുപണി ചെയ്യരുത്. ഉദ്യോഗസ്ഥർക്ക് മേയറുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടിൽ നിന്നല്ല പണം കൊടുക്കുന്നത് എന്നും വി. മുരളീധരൻ പറഞ്ഞു. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ താറടിച്ച് കാണിക്കാൻ സിപിഎം ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടിക്ക് പാലക്കാട് മത്സരിപ്പിക്കാൻ ആളെ കിട്ടിയില്ല. വി.ഡി. സതീശൻ ഒരാളെ അയച്ചുകൊടുത്തു. ഭരിക്കുന്ന പാർട്ടിക്ക് സ്ഥാനാർഥിയെ കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. കോൺഗ്രസ് കടം കൊടുത്തയാളെ മത്സരിപ്പിക്കേണ്ട ഗതികേട് ആണ് എൽഡിഎഫിന് ഉള്ളതെന്നും വി. മുരളീധരൻ പറഞ്ഞു.