"പഹല്‍ഗാമില്‍ പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തിന് പകരം നല്‍കാന്‍ അവരുടെ തന്നെ മതത്തില്‍പ്പെട്ട ഒരു സഹോദരിയെ തന്നെ പ്രധാനമന്ത്രി അയച്ചു"
കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മധ്യപ്രദേശ് ബിജെപി മന്ത്രി കുന്‍വാര്‍ വിജയ് ഷാ. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്നായിരുന്നു ബിജെപി മന്ത്രിയുടെ പരോക്ഷ പരാമര്‍ശം. നമ്മുടെ പെണ്‍കുട്ടികളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ മോദി അവരുടെ സഹോദരിയെ തന്നെ അയച്ചുവെന്നാണ് സര്‍ക്കാര്‍ പരിപാടിയില്‍ ബിജെപി മന്ത്രി പറഞ്ഞത്.
പഹല്‍ഗാമില്‍ പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തിന് പകരം നല്‍കാന്‍ അവരുടെ മതത്തില്‍പ്പെട്ട ഒരു സഹോദരിയെ തന്നെ പ്രധാനമന്ത്രി അയച്ചു. മോദിജി സമൂഹത്തിനായി ഒത്തിരി കഷ്ടപ്പെട്ടു. നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ (പഹല്‍ഗാമില്‍) ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ തന്നെ ഒരു സഹോദരിയെ അയച്ചു,' മന്ത്രി പറഞ്ഞു.
പഹല്‍ഗാമില്‍ അവര്‍ ചെയ്തതിന് പകരമായി അതു തന്നെ നമുക്കും ചെയ്യാൻ കഴിയില്ല. അതിനാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു സഹോദരിയെ അയച്ചു. അവര്‍ ഞങ്ങളുടെ സഹോദരിമാരെ വിധവകളാക്കിയെങ്കില്‍, അവരുടെ തന്നെ സഹോദരിയെക്കൊണ്ട് അവരുടെ തുണിയഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കുന്‍വാര്‍ വിജയ് ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് സംബന്ധിച്ച ആദ്യ വാര്‍ത്ത സമ്മേളനം വിളിച്ചത് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരായിരുന്നു.