"ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ പാലക്കാട് ജയം ഉറപ്പ്, നോമിനേഷൻ കൊടുക്കുന്ന അന്ന് ജയിക്കും"; ബിജെപി ദേശീയ കൗൺസിൽ അംഗം

ശോഭയെ സ്ഥാനാർഥിയാക്കണമെന്ന് നിർത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും ശിവരാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
"ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ പാലക്കാട് ജയം ഉറപ്പ്, നോമിനേഷൻ കൊടുക്കുന്ന അന്ന് ജയിക്കും"; ബിജെപി ദേശീയ കൗൺസിൽ അംഗം
Published on

ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ പാലക്കാട് ജയം ഉറപ്പാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിത്വത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.  ഈ സാഹചര്യത്തിലാണ് എൻ. ശിവരാജൻ്റെ പ്രസ്താവന. ബിജെപിക്ക് വലിയ വിജയസാധ്യതയുള്ള മണ്ഡലം കൂടിയാണ് പാലക്കാട്. ശോഭയെ സ്ഥാനാർഥിയാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും ശിവരാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ശോഭ നോമിനേഷൻ കൊടുക്കുന്ന അന്ന് ജയിക്കുമെന്ന കടുത്ത ആത്മവിശ്വാസമായിരുന്നു എൻ. ശിവരാജൻ്റെ വാക്കുകളിലുണ്ടായിരുന്നത്. ആര് നിന്നാലും പാലക്കാട് ബിജെപി ജയിക്കും, എന്നാൽ പാലക്കാട്ടെ ജനങ്ങളുടെ മനസ്സ് ശോഭ സുരേന്ദൻ്റെ കൂടെയാണ്. മറ്റുള്ളവർ സ്ഥാനാർഥിയായാലും വിജയമുണ്ടാകുമെന്നും എൻ. ശിവരാജൻ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് യാതൊരു മുന്നേറ്റവുമുണ്ടാക്കാൻ കഴിയില്ലെന്നായിരുന്നു ബിജെപി നേതാവിൻ്റെ പ്രസ്താവന. പി സരിന് കെട്ടിവെച്ച കാശ് കിട്ടില്ലെന്നും സിപിഐഎം ജയിക്കണമെങ്കിൽ ആകാശം പൊട്ടി താഴേക്ക് വീഴണമെന്നും ശിവരാജൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ചുള്ള ചോദ്യത്തിന് ആളെ അറിയില്ലെന്നും ചാനൽ പ്രസംഗം കൊണ്ട് വിജയിക്കാൻ കഴിയില്ലെന്നുമായിരുന്നു ശിവരാജൻ്റെ മറുപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com