ശശി തരൂരിൻ്റെ മോദി സ്തുതി ഏറ്റെടുത്ത് ബിജെപി നേതൃത്വം; രാഹുൽ ഗാന്ധിയുടെ മുഖത്തേറ്റ അടിയെന്ന് കെ. സുരേന്ദ്രൻ; ധൈര്യം പ്രശംസനീയമെന്ന് ഷെഖാവത്ത്

"ശശി തരൂരിനെ ഇനി കോൺഗ്രസിനുള്ളിൽ വെച്ചുകൊണ്ടിരിക്കുമോ എന്ന് കണ്ടറിയാം"
ശശി തരൂരിൻ്റെ മോദി സ്തുതി ഏറ്റെടുത്ത് ബിജെപി നേതൃത്വം; രാഹുൽ ഗാന്ധിയുടെ മുഖത്തേറ്റ അടിയെന്ന് കെ. സുരേന്ദ്രൻ; ധൈര്യം പ്രശംസനീയമെന്ന് ഷെഖാവത്ത്
Published on

ശശി തരൂ‍ർ എംപിയുടെ നരേന്ദ്രമോദി സ്തുതി രാഹുൽ ഗാന്ധിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിദേശത്ത് സഞ്ചരിച്ച് രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണ്. അപ്പോഴാണ് ശശി തരൂർ സത്യം വിളിച്ചു പറഞ്ഞത്, ഇന്ത്യ ലോക ശക്തിയായി കഴിഞ്ഞുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ശശി തരൂരിനെ ഇനി കോൺഗ്രസിനുള്ളിൽ വെച്ചുകൊണ്ടിരിക്കുമോ എന്ന് കണ്ടറിയാം. ബിജെപിയിലേക്ക് വരുമോ എന്നുള്ളതൊന്നും ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തരൂരിനെ ടാഗ് ചെയ്ത് കെ. സുരേന്ദ്രൻ എക്സിൽ അഭിനന്ദന കുറിപ്പുമിട്ടു.

മോദി സ്തുതിയിൽ തരൂരിനെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. അദ്ദേഹത്തിൻ്റെ ധൈര്യം പ്രശംസനീയമാണ്. ഇതൊരു തുടക്കം മാത്രം. എല്ലാ കോൺഗ്രസ് നേതാക്കന്മാരും വൈകാതെ മോദിയെ പ്രകീർത്തിക്കും. വൈകാതെ രാഹുൽ ഗാന്ധിക്ക് അർബൻ നക്സലുകളുടെ കൊടിയുമായി ഒറ്റയ്ക്ക് നിൽക്കേണ്ടിവരും, രാഹുൽ ഒറ്റയ്ക്കാകുമെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കൂട്ടിച്ചേ‍ർത്തു.

മണ്ഡല പുനർനിർണയത്തിൽ ജനസംഖ്യ കണക്കുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ നടപടികൾ പാലിച്ചാണ് പുനർനിർണയമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. അത് തമിഴ്നാട്ടിൽ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

കോൺഗ്രസ് നിലപാടിൽ നിന്ന് തെന്നിമാറി മോദിസ്‌തുതിയുമായി വീണ്ടും കോൺഗ്രസ് നേതാവ് ശശി തരൂർ രം​ഗത്തെത്തിയത് കോൺ​ഗ്രസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. റഷ്യ - യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച സന്തുലിത നയത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങൾക്കും സ്വീകാര്യനായെന്ന് തരൂർ പറഞ്ഞു. വിഷയത്തിൽ താനുയർത്തിയ വിമർശനം തെറ്റായിരുന്നുവെന്നും തുറന്നുപറഞ്ഞു. ഭാരതീയനെന്ന നിലയിലാണ് പ്രതികരണമെന്നാണ് തരൂരിൻ്റെ വിശദീകരണം.

വിദേശകാര്യമന്ത്രാലയുമായി സഹകരിച്ച് ഓബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച റെയ്സീന ഡയലോഗിലാണ് വീണ്ടും മോദിയെ പ്രശംസിച്ച് തരൂർ രംഗത്തെത്തിയത്. 2022ൽ റഷ്യ - യുക്രൈൻ യുദ്ധത്തിൻ്റെ തുടക്കത്തിൽ പാർലമെൻ്റിൽ ഇന്ത്യൻ നിലപാടിനെതിരായി താൻ നടത്തിയ വിമർശനം തെറ്റായിരുന്നുവെന്ന് ബോധ്യമായതായി ശശി തരൂർ പറഞ്ഞു. ഐക്യാരാഷ്ട്ര സംഘടനയുടെ പ്രഖ്യാപിത നയം ചൂണ്ടിക്കാട്ടി റഷ്യയെ തള്ളിപ്പറയണമെന്നായിരുന്നു തരൂർ അന്ന് ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളുമായും പ്രധാനമന്ത്രിക്ക് ചർച്ച നടത്താൻ കഴിയുന്ന നിലയിലാണ് ഇന്ത്യയുടെ നയം. ഇരുരാജ്യങ്ങളും ഇന്ത്യയെ അംഗീകരിച്ചെന്നും തരൂർ അഭിപ്രായപ്പെട്ടു.

നേരത്തേ പിണറായി സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് നയത്തെയും മോദി - ട്രംപ് കൂടിക്കാഴ്ചയെയും പ്രതീകീർത്തിച്ച് തരൂർ നടത്തിയ പ്രസ്താവനയും കോൺഗ്രസിനുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ലായിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസിൻ്റെ പോരാട്ടത്തിന് ബലം നൽകുന്ന വാക്കുകളാണ് തരൂരിൽ നിന്ന് ഉണ്ടാവേണ്ടതെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു. പാർട്ടി നിലപാടിനപ്പുറം സ്വതന്ത്രാഭിപ്രായം തനിക്കുണ്ടെന്നായിരുന്നു കഴിഞ്ഞ തവണയും തരൂർ ആവർത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com