ജമ്മു കശ്മീർ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി ക്യാമ്പ്. തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാൻ ബിജെപി കേന്ദ്ര കമ്മിറ്റി യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഡെൽഹിയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു യോഗം.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. സെപ്തംബർ 18, 25 ഒക്ടോബർ 1 തീയതികളിൽ 3 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ പിഡിപി 28 സീറ്റുകളും ബിജെപി 25 സീറ്റുകളും കശ്മീർ നാഷണൽ കോൺഫറൻസ് 15 സീറ്റുകളും കോൺഗ്രസ് 12 സീറ്റുകളും നേടിയിരുന്നു.
തുടർന്ന് മുഫ്തി മുഹമ്മദ് സയീദിൻ്റെ നേതൃത്വത്തിൽ പിഡിപിയും ബിജെപിയും ചേർന്ന് സഖ്യം രൂപീകരിച്ചു. എന്നാൽ മുഫ്തി മുഹമ്മദ് സയീദിൻ്റെ മരണത്തിന് ശേഷം 2018ൽ മെഹബൂബ മുഫ്തി അധികാരമേറ്റതിന് പിന്നാലെ ബിജെപി സഖ്യത്തിൽ നിന്നുള്ള പിന്തുണ പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പിഡിപി പ്രകടന പത്രിക പുറത്തിറക്കി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് ബിജെപി യോഗം ചേർന്നത്. ഇത്തവണ കടുത്ത മത്സരമാണ് ജമ്മു കശ്മീരിൽ പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ നേട്ടം പ്രതിപക്ഷ സഖ്യത്തിനും കരുത്ത് പകരം.
പിഡിപിയുടെ ജനപക്ഷ അജണ്ട അംഗീകരിച്ചാൽ നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യത്തിന് പൂർണ പിന്തുണ നൽകുമെന്ന് മെഹബൂബ മുഫ്തി വ്യക്തമാക്കിയിട്ടുണ്ട് അതിനാൽ ജമ്മു കശ്മീരിൽ ബിജെപിക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമാകില്ല.