
കളമശേരി പോളിടെക്നികിലെ ലഹരി വേട്ടയിൽ എസ്എഫ്ഐക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തെ നശിപ്പിക്കുന്ന മാരക വൈറസാണ് എസ്എഫ്ഐ. കേരളത്തിൽ ലഹരി പടർത്തുന്നത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും എസ്ഡിപിഐയും ചേർന്നാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് കേരളത്തിലെ ക്യാമ്പസുകളിൽ പ്രവർത്തിക്കാൻ ഒരു അവകാശവുമില്ല. എസ്എഫ്ഐ പിരിച്ചുവിടുന്നതാണ് സിപിഎമ്മിന് നല്ലത്. ഭരണ സംവിധാനത്തിൻ്റെ പിന്തുണയോടെയാണ് ലഹരിക്കടത്തെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയാണ് എസ്എഫ്ഐക്ക് പൂർണ പിന്തുണ നൽകുന്നത്. എസ്എഫ്ഐ പിരിച്ചുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഒൻപത് വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കുമരുന്നിനെതിരെ ഒന്നും ചെയ്യാനായില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
അതേസമയം, ലഹരിയെക്കുറിച്ച് പറയുമ്പോൾ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ കുറ്റപ്പെടുത്തുന്നവരെ അവരുടെ നേതാക്കൾ തിരുത്തണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ലഹരി വേട്ടയിൽ ദയവായി രാഷ്ട്രീയം കലർത്തരുത്. ലഹരിക്കേസ് പിടികൂടുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി.