പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായത് ബി ജെ പിക്കാണ്. നഗരസഭയിൽ പോലും പിന്നോട്ട് പോയ പാർട്ടി രണ്ടാം സ്ഥാനം നിലനിർത്തിയത് രണ്ടായിരത്തോളം വോട്ടുകൾക്കാണ് വലിയ വിജയ പ്രതീക്ഷയോടെയാണ് NDA ഇത്തവണത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാന അധ്യക്ഷനുൾപ്പെടെ എല്ലാ സംഘടനാ സംവിധാനവും പാലക്കാട് ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതും അതിൻ്റെ ഭാഗമായാണ്. എന്നാൽ പ്രതീക്ഷയ്ക്ക് നേർവിപരീതമായാണ് എല്ലാം നടന്നത്.
ആദ്യ റൗണ്ടിലല്ലാതെ മേൽക്കൈ ഉണ്ടാക്കാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ NDA സ്ഥാനാർത്ഥി ഇ ശ്രീധരൻ നഗരസഭാ പരിധിയിൽ മാത്രം നാലായിരത്തിലേറെ ഭൂരിപക്ഷം നേടിയപ്പോൾ ഇത്തവണ ഇതേ ഭൂരിപക്ഷം രാഹുലിന്നായിരുന്നു. നഗരസഭയിൽ തുടർച്ചയായി BJP കൗൺസിലർമാർ ജയിക്കുന്ന ബൂത്തുകളിൽ പോലും രാഹുൽ നേട്ടമുണ്ടാക്കി. പല സ്ഥലങ്ങളിലും കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Also Read; വിജയരഥത്തിലേറി രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാടൻ കാറ്റിൽ താമര വാടി, സരിൻ മൂന്നാമത്
ബിജെപിയുടെ ശക്ത കേന്ദ്രങ്ങളായി കണ്ടിരുന്ന മൂത്താംതറ ഒഴികെയുള്ള ഇടങ്ങളിലെല്ലാം വലിയ തോതിൽ വോട്ട് കുറഞ്ഞു.ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉപതെരഞ്ഞെടുപ്പുകളിൽ BJP ക്ക് വോട്ടു കുറയാറുണ്ടെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ്റെ വിശദീകരണം. പാർട്ടിക്കപ്പുറത്ത് നിക്ഷ്പക്ഷ വോട്ടുകൾ ഇ ശ്രീധരന് ലഭിച്ചെന്നും ഈ വോട്ടുകളാണ് കുറഞ്ഞതെന്നുമാണ് സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ വിശദീകരണം
കഴിഞ്ഞതവണ രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നെങ്കിൽ ഇത്തവണ അത് രണ്ടായിരമായി കുറഞ്ഞു. ഇതും ബിജെപിക്ക് തിരിച്ചടിയാണ്.
കൃഷ്ണ കുമാറിൻ്റെ സ്ഥാനാർത്ഥിത്വം മുതൽ ആരംഭിച്ച പ്രതിസന്ധികൾ പരിഹരിച്ചെന്ന് നേതാക്കൾ പറയുമ്പോഴും അതല്ല സത്യമെന്ന് തെളിയിക്കുന്നതാണ് കണക്കുകൾ. പാലക്കാടുണ്ടായ തിരിച്ചടി പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെക്കും.