"ശോഭാ സുരേന്ദ്രന്‍റെ വീടിന് സമീപം പൊട്ടിയത് പടക്കം"; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും

ആരെയോ രക്ഷിക്കാനുള്ള ഒരു നീക്കം പൊലീസിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ടോ എന്ന് ശോഭ സുരേന്ദ്രൻ സംശയം ഉന്നയിച്ചു
"ശോഭാ സുരേന്ദ്രന്‍റെ വീടിന് സമീപം പൊട്ടിയത് പടക്കം"; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും
Published on

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രന്റെ വീടിന് സമീപത്ത് പൊട്ടിത്തെറിച്ചത് വിപണിയിൽ ലഭ്യമായ പടക്കമാണെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ബിജെപി നേതാവിന്റെ വീടിന് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഏകദേശം വ്യക്തത വന്നതായി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു. ശോഭാ സുരേന്ദ്രന്റെ വീടാണ് ലക്ഷ്യമിട്ടതെന്നും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായാൽ വ്യക്തതയോടെ കാര്യങ്ങൾ പറയാമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. അന്വേഷണത്തിനായി സ്പെഷ്യൽ ടീമിനെ നിയോഗിക്കാനാണ് തീരുമാനം.

Also Read: ശോഭാ സുരേന്ദ്രൻ്റെ തൃശൂരിലെ വീടിനു സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

അതേസമയം, ആരെയോ രക്ഷിക്കാനുള്ള നീക്കം പൊലീസിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ടോ എന്ന് ശോഭ സുരേന്ദ്രൻ സംശയം ഉന്നയിച്ചു. ഇന്നലെ കേസന്വേഷണത്തിൽ വളരെ ശുഷ്കാന്തിയോടെ മുന്നോട്ടുപോകുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഇന്ന് കേസിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നുവെന്നും ശോഭ ആരോപിച്ചു. പൊലീസിന്റെ രക്ഷാകവചം എല്ലാവർക്കും ഉണ്ടാകണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്. അവർ അരാഷ്ട്രീയമായി പ്രവർത്തിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല. രക്ഷാകവചം ചില ആളുകൾക്ക് കൂട്ടിയും കുറച്ചും കൊടുക്കാനുള്ള നല്ല പ്രാപ്തി പൊലീസിനുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.



ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിന് സമീപത്തേക്ക് സ്ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ അയൽവാസിയുടെ വീട്ടിലേക്കാണ് അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞത്. സംഭവം നടക്കുമ്പോൾ ശോഭാ സുരേന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്നു. ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചുകൊണ്ട് പൊലീസ് പരിശോധന നടത്തുന്നുണ്ട്. സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com