

നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ കേസിൽ പ്രതിയായ ബോബി ചെമ്മണ്ണൂർ ഇന്ന് തന്നെ ജാമ്യാപേക്ഷ സമർപ്പിക്കും. രാവിലെ 11ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ നിലപാടറിയിക്കുമെന്നാണ് സൂചന. ബോബിയെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.
ബോബി ചെമ്മണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് സെൻട്രൽ എ.സി.പി കെ. ജയകുമാർ പറഞ്ഞു. കേസിൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ഫോൺ കോടതിയിൽ ഹാജരാക്കും. ഹണി റോസ് സിനിമാ പ്രമോഷന് വേണ്ടി തന്നെ ബലിയാടാക്കിയെന്ന ബോബി ചെമ്മണ്ണൂരിൻ്റെ വാദം വിശ്വസിക്കുന്നില്ലെന്നും എ.സി.പി കെ. ജയകുമാർ പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ ഐ.ടി ആക്ട് 67 ((ഇലക്ട്രോണിക് മീഡിയ വഴി അശ്ലീല പ്രചരണം), 75 (4) (സ്ത്രീത്വത്തെ അപമാനിക്കൽ, കുറ്റകരമായ ലൈംഗിക അധിക്ഷേപം) എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, എറണാകുളം സിജെഎം കോടതിയിലെത്തിയ പരാതിക്കാരി ഹണി റോസ് കഴിഞ്ഞ ദിവസം രഹസ്യമൊഴി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബോബി ചെമ്മണൂരിൻ്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോൺ ആണ് പിടിച്ചെടുത്തത്. ഇത് വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹണി റോസിൻ്റെ പുതിയ ചിത്രം ഹിറ്റാക്കാൻ തന്നെ ബലിയാടാക്കുകയാണെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബോബി ഇക്കാര്യം വ്യക്തമാക്കിയത്.
അല്ലു അർജുൻ 'പുഷ്പ 2'ൻ്റെ വിജയത്തിനായി പ്രയോഗിച്ച തന്ത്രമാണിതെന്നും ബോബി അന്വേഷണ സംഘത്തോട് പറഞ്ഞു. താൻ ആർക്കെതിരെയും അശ്ലീലപ്രയോഗം ഇതുവരെ നടത്തിയിട്ടില്ലെന്നും കേരളത്തിൻ്റെ സ്ത്രീകളൊക്കെ തൻ്റെ സഹോദരങ്ങളാണെന്നും ബോബി പറഞ്ഞു. തന്നെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.