കേന്ദ്രം ഭരിക്കുന്നവര്‍ സ്വന്തം എംപിക്കെതിരെ പ്രവര്‍ത്തിക്കുന്നുവോ?; കങ്കണയുടെ 'എമര്‍ജന്‍സി'യില്‍ 25നകം തീരുമാനമെടുക്കണം: ബോംബെ ഹൈക്കോടതി

സിഖ് സംഘടനകളുടെ പ്രതിഷേധത്തേത്തുടർന്നാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നത്.
കേന്ദ്രം ഭരിക്കുന്നവര്‍ സ്വന്തം എംപിക്കെതിരെ പ്രവര്‍ത്തിക്കുന്നുവോ?; കങ്കണയുടെ 'എമര്‍ജന്‍സി'യില്‍ 25നകം തീരുമാനമെടുക്കണം: ബോംബെ ഹൈക്കോടതി
Published on
Updated on



നടിയും ബിജെപി എം.പിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന സിനിമ 'എമര്‍ജന്‍സി'യുടെ റിലീസില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. സിനിമയുടെ റിലീസിന്റെ കാര്യത്തിൽ ഈ മാസം 25നകം തീരുമാനമെടുക്കണമെന്ന് കോടതി സെൻസർ ബോർഡിന് നിര്‍ദേശം നല്‍കി. ഭരണകക്ഷിയായ ബിജെപിയുടെ എം.പി കങ്കണ റണാവത്ത് അഭിനയിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ബിജെപിയുടെ നിര്‍ദേശ പ്രകാരം സെന്‍സര്‍ ബോര്‍ഡ് തടയുകയാണെന്ന് സിനിമയുടെ സഹ നിര്‍മാതാക്കളായ സീ സ്റ്റുഡിയോസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യുന്ന താര്യത്തില്‍ എത്രയുംവേഗം തീരുമാനമെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

ഭരണകക്ഷിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പാര്‍ട്ടിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പ്രവർത്തിക്കുന്നുവെന്ന് ജസ്റ്റിസുമാരായ ബർഗെസ് കൊളാബാവാല, ഫിർദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ നിര്‍മാതാക്കള്‍ അറിയിച്ചു.  സീ സ്റ്റുഡിയോയ്‌ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വെങ്കടേഷ് ധോണ്ടാണ് ഹാജരായത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഹരിയാന തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സിനിമ റിലീസ് ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നതിനാലാണ് സിബിഎഫ്‌സി റിലീസ് നീട്ടികൊണ്ടുപോകുന്നതെന്നും വെങ്കടേഷ് ധോണ്ട് വാദിച്ചു. 'സിനിമയുടെ സഹനിര്‍മാതാവായ കങ്കണ ബിജെപി എംപയാണ്. ചില സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു ബിജെപി അംഗത്തിന്‍റെ ചിത്രം അവര്‍ക്ക് ആവശ്യമില്ല' - വെങ്കടേഷ് ധോണ്ട് പറഞ്ഞു.


'ബിജെപിക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ സിനിമ ബാധിക്കുമോ, സ്വന്തം അംഗം നിര്‍മിച്ച ചിത്രം പാര്‍ട്ടി തടയാന്‍ ശ്രമിക്കുന്നത് എന്തകൊണ്ടാണ് ? മറ്റെതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയാണ് രാജ്യം ഭരിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ക്ക് ഇത് പരിഗണിക്കാമായിരുന്നു' എന്ന് ജസ്റ്റിസ് ബർഗെസ് കൊളാബാവല അഭിപ്രായപ്പെട്ടു. സിനിമയുടെ സർട്ടിഫിക്കേഷനിൽ ബോർഡ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ചെയർമാൻ ഇപ്പോൾ പ്രശ്നം റഫർ ചെയ്‌തിട്ടുണ്ടെന്നും സിബിഎഫ്‌സിക്ക് വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് കോടതിയെ അറിയിച്ചു. ബോർഡിൻ്റെ സിനിമയോടുള്ള സമീപനത്തെ വിമര്‍ശിച്ച കോടതി, സിനിമ കാണാതെ തന്നെ അത് തങ്ങളുടെ സമുദായത്തിന് എതിരാണെന്ന നിഗമനത്തില്‍ എങ്ങനെ എത്തുമെന്നും കോടതി ചോദിച്ചു.

'ഇതൊരു ഡോക്യുമെന്‍ററിയല്ല. സിനിമയിൽ എന്ത് കാണിച്ചാലും വിശ്വസിക്കും വിധം നിഷ്കളങ്കരായവരാണ് നമ്മുടെ നാട്ടിലെ ജനങ്ങൾ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? സൃഷ്ടിപരമായ സ്വാതന്ത്ര്യം എന്നൊരു വസ്തു നിലനില്‍ക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് കോടിക്കണക്കിന് ഇൻ്റർനെറ്റ് ഉപയോക്താക്കളുണ്ട്... ഈ വിഷയം സിനിമകളുടെ റിലീസിനെ എതിർക്കുന്നത് നിർത്തേണ്ടതുണ്ട്, അല്ലാത്തപക്ഷം നമ്മുടെ രാജ്യത്തെ സർഗ്ഗാത്മക സ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും ബാധിക്കപ്പെടും. ഒരാളുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെ വെട്ടിക്കുറയ്ക്കേണ്ടി വരും'- ജസ്റ്റിസ് ബർഗെസ് കൊളാബാവാല പറഞ്ഞു.

ദേശീയ അടിയന്തരാവസ്ഥ പ്രമേയമാക്കി ഇന്ദിരാ​ഗാന്ധിയുടെ വേഷത്തിൽ കങ്കണ എത്തുന്ന 'എമർജൻസി' സെപ്റ്റംബർ ആറ് വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതൊഴികെ എല്ലാ ജോലികളും പൂർത്തിയാക്കി റിലീസിന് തയ്യാറാവുമ്പോഴായിരുന്നു സിഖ് മത സംഘടനകൾ ചിത്രത്തിനെതിരെ രം​ഗത്തെത്തുന്നത്. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചതോടെ ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതത്വത്തിലായത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com