മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പ്രതിയായ കൈക്കൂലി കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. വിജിലൻസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചില്ല.
കശുവണ്ടി വ്യാപാരിയുടെ കേസ് ഒതുക്കിത്തീർക്കാന്‍ കൈക്കൂലി വാങ്ങാൻ ശ്രമിച്ച കേസിലാണ് ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ഇടനിലക്കാർ മുഖേന ഇയാൾ രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് കണ്ടെത്തൽ. വിൽസൺ, മുകേഷ് കുമാർ, രഞ്ജിത്ത് വാര്യർ എന്നിവരെ കൈക്കൂലി വാങ്ങാനായി ഇടനിലക്കാരായി പ്രവർത്തിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
Also Read: ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ കൈക്കൂലിക്കേസ്; വിജിലന്‍സ് അന്വേഷണം മുംബൈയിലെ കമ്പനിയിലേക്കും
കൈക്കൂലിക്കേസില്‍ മുംബൈയിലെ കമ്പനി കേന്ദ്രീകരിച്ചും വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ബഹ്‌റ കമ്മോഡിറ്റിസ് ആന്‍ഡ് ടൂര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പങ്കാളിത്തമാണ് പരിശോധിക്കുന്നത്. കൈക്കൂലി പണം നിക്ഷേപിക്കാന്‍ പരാതിക്കാരനോട് പ്രതികള്‍ ആവശ്യപ്പെട്ടത് ഈ സ്ഥാപനത്തിന്റെ മുബൈയിലെ അക്കൗണ്ടിലായിരുന്നു. അക്കൗണ്ടും മറ്റും തയാറാക്കി നല്‍കിയത് കേസിൽ അറസ്റ്റിലായ മുകേഷ് കുമാറാണ്. കൈകൂലി പണം ഉപയോഗിച്ച് പ്രതികള്‍ ഭൂമിയും വാങ്ങി കൂട്ടിയിട്ടുണ്ട്. മോഹന്‍ മുരളി പുത്തന്‍വേലിക്കരയില്‍ ഒന്നര ഏക്കര്‍ ഭൂമിയും, രഞ്ജിത്ത് നായര്‍ കൊച്ചി സിറ്റിയില്‍ വീടും വാങ്ങിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍. പ്രതികള്‍ 30 കോടിയോളം രൂപ ഇഡി ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈകൂലിയായി തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.