
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡൻ്റും, ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് നിയമ നടപടികളിൽ ഇളവ് നൽകുന്നതിന് വേണ്ടി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കുന്നതിനായുള്ള എല്ലാ വാദങ്ങളും അടങ്ങിയ കുറിപ്പ് സമർപ്പിക്കാൻ കോടതി ബ്രിജ് ഭൂഷൺ സിംഗിൻ്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ്. നീന ബൻസാൽ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ബ്രിജ് ഭൂഷണ് വേണമെങ്കിൽ അന്വേഷണ നടപടികളെ നേരത്തെ ചോദ്യം ചെയ്യാമായിരുന്നു, എന്നാൽ, വിചാരണ തുടങ്ങി, കുറ്റങ്ങൾ ചുമത്തപ്പെട്ടതിന് ശേഷം മാത്രമാണ് ബ്രിജ് ഭൂഷൺ മുന്നോട്ടുവന്നതെന്നും, ഇപ്പോഴത്തേത് വളഞ്ഞ വഴിയാണെന്നും ജസ്റ്റിസ് നീന ബൻസാൽ പറഞ്ഞു.
ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക പീഡനം, സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ നിയമ നടപടി തുടരുന്നത് എതിർക്കണമെന്നും, പക്ഷപാതപരമായ അന്വേഷണമാണ് ഉദ്യോഗസ്ഥർ നടത്തുന്നത് എന്നും സിംഗിൻ്റെ ഹർജിയിൽ പറയുന്നു. എഫ്ഐആർ, കുറ്റപത്രം, കുറ്റപത്രം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിചാരണ കോടതിയുടെ ഉത്തരവ് എന്നിവയെ ബ്രിജ് ഭൂഷൺ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. തനിക്കെതിരെ കെട്ടിചമച്ച കേസാണിതെന്നും ബ്രിജ് ഭൂഷണിൻ്റെ ഹർജിയിൽ പറയുന്നുണ്ട്.
ആറ് വനിതാ താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയെയും, ഉയർന്നുവന്ന വലിയ പ്രതിഷേധങ്ങളെയും തുടർന്ന് കഴിഞ്ഞ വർഷമാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കഴിഞ്ഞ വർഷം മെയിലാണ് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തത്.