
കാസർഗോഡ് ഓട്ടോ ഡ്രൈവറുടെ മരണത്തിൽ എസ്ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സഹോദരൻ സലിം. പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടർന്നാണ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയർന്നതോടെ എസ്ഐ അനൂപിനെ സ്ഥലം മാറ്റിയിരുന്നു. ഇനി ഒരാൾക്കും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നും എസ്‌ഐക്കെതിരെയുള്ള നടപടി സ്ഥലംമാറ്റൽ മാത്രമായി ഒതുങ്ങരുതെന്നും സലിം ന്യൂസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടർന്ന് മംഗലാപുരം സ്വദേശി അബ്ദുൾ സത്താർ തൂങ്ങി മരിച്ചത്. എസ്.ഐ അകാരണമായി തൻ്റെ ഓട്ടോ പിടിച്ചുവെച്ചുവെന്നും മറ്റു മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഫെയ്സ്ബുക്കിൽ അബ്ദുൾ സത്താർ കുറിച്ചിരുന്നു. ഇതേ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ കാസർഗോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ അബ്ദുൾ സത്താറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെന്നാരോപിച്ച് അബ്ദുൾ സത്താറിൻ്റെ ഓട്ടോ പൊലീസ് പിടിച്ചെടുത്തത്. പെറ്റി അടച്ച് ഓട്ടോ വിട്ടു നൽകാമെന്നിരിക്കെ എസ്.ഐ അനൂപ് ഇതിന് തയ്യാറായില്ലെന്നും ഡിവൈഎസ്പിയുടെ നിർദേശം പോലും എസ്ഐ തള്ളിയതോടെ മറ്റു മാർഗമില്ലാതെയാണ് സത്താർ ആത്മഹത്യ ചെയ്തതെന്നുമാണ് പരാതി.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കാസർഗോഡ് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാസർഗോഡ് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.