പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന് വേണ്ടി അതിര്‍ത്ത് കടന്നുള്ള ചാരപ്രവൃത്തിയും കള്ളക്കടത്തും നടത്തിയെന്നാണ് ഷഹ്‌സാദിനെതിരെയുള്ള ആരോപണം.
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വ്യവസായി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്നുള്ള വ്യവസായി ഷഹ്‌സാദിനെയാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന് വേണ്ടി അതിര്‍ത്ത് കടന്നുള്ള ചാരപ്രവൃത്തിയും കള്ളക്കടത്തും നടത്തിയെന്നാണ് ഷഹ്‌സാദിനെതിരെയുള്ള ആരോപണം.
ഇയാൾ രാജ്യ സുരക്ഷയെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍ കൈമാറിയിരുന്നതായും എസ്ടിഎഫ് പറയുന്നു. പാകിസ്ഥാനിലേക്ക് പലതവണ യാത്ര ചെയ്തിട്ടുള്ള ഷഹ്‌സാദ് സൗന്ദര്യവര്‍ധക വസ്തുക്കള്‍, തുണികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ കള്ളക്കടത്ത് നടത്തിയിരുന്നതായും പൊലീസ് ആരോപിക്കുന്നു.
ALSO READ: പാകിസ്ഥാൻ ഏജൻസികൾക്കായി ചാരപ്രവർത്തനം; യൂട്യൂബർ ഉള്‍പ്പെടെ ആറ് പേർ അറസ്റ്റില്‍
നിയമവിരുദ്ധമായി വസ്തുക്കള്‍ കടത്തുന്നത് ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തുന്നതിന് മറയാക്കുകയായിരുന്നു എന്നും ഇന്ത്യയിലെ ഐസ്‌ഐ ഏജന്റുമാര്‍ക്ക് പണം ഇന്ത്യന്‍ സിം എന്നിവ നല്‍കിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി റാംപൂരിലെയും ഉത്തര്‍പ്രദേശിലെ മറ്റു പ്രദേശങ്ങളിലെയും ആളുകളെ പാകിസ്ഥാനിലേക്ക് അയച്ചിരുന്നതായും എസ്ടിഎഫ് പറയുന്നു. ഇവര്‍ക്കുള്ള വിസകള്‍ തയ്യാറാക്കി നല്‍കിയത് ഐഎസ്‌ഐ ഏജന്റുമാരാണെന്നും പൊലീസ് ആരോപിക്കുന്നു.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസം ഹരിയാനയില്‍ ജ്യോതി മല്‍ഹോത്ര എന്ന യൂട്യൂബര്‍ അറസ്റ്റിലായതിന് തൊട്ടു പിന്നാലെയാണ് ഉത്തര്‍പ്രദേശ് സ്വദേശിയുടെ അറസ്റ്റ് കൂടി വരുന്നത്. ട്രാവല്‍ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ സ്റ്റാഫിന് ഇന്ത്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയെന്നതാണ് ജ്യോതി മല്‍ഹോത്രയ്‌ക്കെതിരായ ആരോപണം.