ബൈ ബൈ ധവാൻ; ക്രിക്കറ്റിനോട് വിട ചൊല്ലി ശിഖർ ധവാൻ
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. "എൻ്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുമ്പോൾ, എണ്ണമറ്റ ഓർമകളും നന്ദിയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്," ധവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോ പോസ്റ്റിനൊപ്പം കുറിച്ചു.
രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്നാണ് ധവാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെയാണ് ധവാന്‍ അവസാനമായി ഇന്ത്യക്കായി ഏകദിന മത്സരം കളിച്ചത്. 2010ല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 167 മത്സരങ്ങള്‍ കളിച്ചു. 34 ടെസ്റ്റ് മത്സരങ്ങളിലും 68 ടി20 മത്സരങ്ങളിലും ദേശീയ ടീമിനായി കളത്തിലിറങ്ങി.
READ MORE: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്
ഏകദിനത്തിൽ 6793 റണ്‍സാണ് സമ്പാദ്യം. ഉയര്‍ന്ന സ്കോര്‍ 143. 17 സെഞ്ചുറിയും 39 അര്‍ധ ശതകവും ഏകദിനത്തിൽ ധവാന്‍ സ്വന്തമാക്കി. 2015ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയായിരുന്നു ധവാൻ. 34 ടെസ്റ്റുകളില്‍ നിന്ന് 2315 റണ്‍സാണ് താരം നേടിയത്. ഏഴ് സെഞ്ചറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ധവാന്‍ അക്കൗണ്ടില്‍ ചേര്‍ത്തു. 68 ടി20 മത്സരങ്ങളില്‍ നിന്ന് 1,759 റണ്‍സാണ് ധവാന്‍ അടിച്ചുകൂട്ടിയത്.

