"ദുരന്തത്തിന് ഒരു വർഷം മുൻപേ തെലങ്കാന ടണൽ നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി"; ഞെട്ടിക്കുന്ന സിഎജി റിപ്പോർട്ട് പുറത്ത്

സമഗ്രമായ ശാസ്ത്രീയ വിലയിരുത്തലുകളില്ലാതെയാണ് നിർമാണം മുന്നോട്ട് പോയതെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്
"ദുരന്തത്തിന് ഒരു വർഷം മുൻപേ തെലങ്കാന ടണൽ നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി"; ഞെട്ടിക്കുന്ന സിഎജി റിപ്പോർട്ട് പുറത്ത്
Published on

തെലങ്കാന ടണൽ ദുരന്തത്തിന് ഒരു വർഷം മുൻപേ ടണൽ നിർമ്മാണത്തിലെ അപാകതകൾ സിഎജി ചൂണ്ടിക്കാട്ടിയിരുന്നതായി റിപ്പോർട്ടുകൾ. പദ്ധതിയുടെ വ്യാപ്തി വളരെ വലുതായിരുന്നിട്ടും, സമഗ്രമായ ശാസ്ത്രീയ വിലയിരുത്തലുകളില്ലാതെയാണ് നിർമാണം മുന്നോട്ട് പോയതെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്.


ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കനിർമാണ പദ്ധതികളിലൊന്നാണ് നാഗർകുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന തുരങ്കം. ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡായിരുന്നു പദ്ധതി കമ്മിഷൻ ചെയ്തത്. തെലങ്കാന സർക്കാർ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്ന ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ഏതെങ്കിലും ശാസ്ത്രീയ പഠനമോ, വിശകലനമോ നടത്തിയതായുള്ള ഓഡിറ്റ് രേഖകൾ ലഭ്യമല്ലെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. സമഗ്രമായ ശാസ്ത്രീയ വിലയിരുത്തലുകളില്ലാതെ ആണ് പദ്ധതി മുന്നോട്ട് പോയതെന്നും, കോൺട്രാക്ടർമാരുടെ ആവർത്തിച്ചുള്ള മാറ്റങ്ങളും, ഉത്ഖനന രീതികളിലെ മാറ്റങ്ങളും കാലതാമസവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചെന്നും സിഎജി റിപ്പോർട്ടിലുണ്ട്.




ടണൽ നിർമാണത്തിലെ മോശം ആസൂത്രണവും റിപ്പോർട്ടിലുണ്ട്. ലിങ്ക് ടണൽ ഉയരത്തിൽ നിർമിച്ചത് വെള്ളം കെട്ടിനിൽക്കാൻ കാരണമായി. കരാറുകാരെ ഇടയ്ക്കിടെ മാറ്റിയത് പദ്ധതിയിൽ കാലതാമസം വരുത്തി. നിർമാണ പ്രവർത്തികളിൽ ഉദേശിച്ച ലക്ഷ്യം കൈവരിക്കാതെ 66.09 കോടി രൂപയുടെ പാഴ് ചെലവുണ്ടായതായും 2023-ലെ സിഎജി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ കണ്ടെത്തലുകളെയെല്ലാം തെലങ്കാന സർക്കാർ തള്ളുകയാണുണ്ടായത്. ഫീഡർ കനാൽ വീതി കൂട്ടൽ, ടണൽ ബോറിംഗ് മെഷീനിൽ നിന്നും മാനുവൽ ഡ്രിൽ, ബ്ലാസ്റ്റ് എന്നീ ഉത്ഖനന രീതിയിലെ മാറ്റങ്ങൾ തുടങ്ങിയവയിലെ പൊരുത്തക്കേടുകൾ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തുരങ്ക നിർമ്മാണത്തിൽ കൃത്യമായ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്നും സിഎജി റിപ്പോർട്ട് ആരോപിക്കുന്നു.


ടണലിങ് ജോലിക്കുള്ള സുരക്ഷാ നടപടിക്രമങ്ങൾ പ്രകാരം കൃത്യമായ ഇടവേളകളിൽ എമർജൻസി എക്സിറ്റ് പോയിൻ്റുകൾ തയ്യാറാക്കണം. തുരങ്ക നിർമാണത്തിനായുള്ള എൻട്രി എക്സിറ്റ് പോയിൻ്റുകൾ ഓരോ അഞ്ച് കിലോമീറ്ററുകളിലും സജ്ജമാക്കണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ  തുരങ്കത്തിൽ ഓരോ പോയിൻ്റുകൾ മാത്രമുണ്ടായത് അപകടത്തിൻ്റെ ആക്കം കൂട്ടാൻ കാരണമായി.


ഫെബ്രുവരി 22-നാണ് ടണൽ ഇടിഞ്ഞു വീണ് എട്ട് തൊഴിലാളികൾ കുടുങ്ങിയത്. 16 ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഒരാളുടെ മൃതദേഹം പുറത്തെടുക്കാനായത്. ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം ദുർഘടമായപ്പോൾ തന്നെ തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യതകളെല്ലാം മങ്ങിയിരുന്നു. തുരങ്കത്തിനകത്ത് അവശേഷിക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com