131 എണ്ണത്തിൽ 77 ഉം നഷ്ടത്തിൽ; സംസ്ഥാനത്തെ ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടണം: സിഎജി റിപ്പോർട്ട്

2016ന് ശേഷം കെഎസ്ആർടിസി ഓഡിറ്റിന് രേഖകൾ നൽകിയിട്ടില്ലെന്നും സിഎജി റിപ്പോർട്ടിൽ
131 എണ്ണത്തിൽ 77 ഉം നഷ്ടത്തിൽ; സംസ്ഥാനത്തെ ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടണം: സിഎജി റിപ്പോർട്ട്
Published on


സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സിഎജി റിപ്പോർട്ട്. 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഇവയുടെ ആകെ നഷ്ടം 18,026.49 കോടി രൂപയാണ്. 2016ന് ശേഷം കെഎസ്ആർടിസി ഓഡിറ്റിന് രേഖകൾ നൽകിയിട്ടില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ 58 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലുള്ളത്. ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാണ് സിഎജിയുടെ ശുപാർശ. 18 പൊതുമേഖലാ സ്ഥാപനങ്ങൾ 1986 മുതൽ അടച്ചുപൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവ അടച്ചുപൂട്ടാനുള്ള നടപടികൾ ഊർജിതമാക്കണം.

കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിൽ ക്രമക്കേട് നടന്നിട്ടുണ്ട്. അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല. യോഗ്യത ഇല്ലാത്തവർക്ക് കരാർ നൽകി. ടെൻ്റർ വിളിക്കാതെ വാങ്ങിയതിൽ 23.17 കോടി രൂപയുടെ നഷ്ടം ഉണ്ടായി. പൊതു ടെൻ്റർ വിളിക്കണമെന്നും സിഎജി ശിപാർശ ചെയ്തു.

ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി ഭരണഘടനയുടെ 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് സിഎജി (കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ). പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത്. സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി പാർലമെന്റിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com