
കാലിക്കറ്റ് സർവകലാശാല ഡി - സോൺ കലോത്സവത്തിന് ഇടയിൽ നടന്ന സംഘർഷത്തില്‍ പ്രതികളായ കെഎസ്‌യു നേതാക്കളെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട സബ് ജയിലിൽ 14 ദിവസത്തേക്കാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻറ് ഗോകുൽ ഗുരുവായൂർ , സംസ്ഥാന നേതാക്കളായ സുദേവൻ , സച്ചിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കേസിലെ മറ്റു പ്രതികൾക്കായി മാള പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കെഎസ്‌യു നേതാക്കളെ ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകർക്കായും അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിൽ കൊരട്ടി പൊലീസ് പരിശോധന നടത്തി.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആശിഷ് കൃഷ്ണനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഗോകുൽ ഗുരുവായൂരാണ് ഒന്നാം പ്രതി. കെഎസ്‌യു നേതാക്കളായ അശ്വിൻ, ആദിത്യൻ, അക്ഷയ് അടക്കം കണ്ടാലറിയാവുന്ന 10 പേരെയും പ്രതി ചേർത്തിട്ടുണ്ട്. കെഎസ്‌യു നേതാക്കളായ ആദിത്യനെയും ഗോകുലിനെയും മർദിച്ച കേസിൽ കണ്ടാലറിയാവുന്ന നാല് എസ്എഫ്ഐ പ്രവർത്തകരും പ്രതികളാണ്. ഇരു വിദ്യാർഥി സംഘടനകളുടെയും പരാതിയിൽ മാള, കൊരട്ടി പൊലീസാണ് കേസെടുത്തത്.
മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ മത്സരഫലം ചോദ്യം ചെയ്താണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് എത്തി. സംഭവത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. തുടർന്ന് കലോത്സവം നിർത്തിവച്ചു. കെഎസ്‍യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. എന്നാൽ എസ്എഫ്ഐയാണ് ആക്രമിച്ചതെന്നാണ് കെഎസ്‍യുവിന്റെ വാദം.