fbwpx
ഇടക്കാല ജാമ്യ ഉത്തരവ് നടപ്പിലാകുമോ? കെജ്‌രിവാൾ ജയിലിന് പുറത്തിറങ്ങുന്നത് വൈകാൻ കാരണമെന്ത്?
logo

ശരത് ലാൽ സി.എം

Last Updated : 12 Jul, 2024 05:51 PM

കേസിലെ മുഖ്യ സൂത്രധാരനാണ് കെജ്‌രിവാളെന്നാണ് ഇ.ഡി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ക്രമക്കേട് നടന്നതായി തെളിയിക്കുന്ന യാതൊരു തെളിവും ഇ.ഡിയുടെ പക്കലില്ലെന്നാണ് കെജ്‌രിവാളിന്റെ വാദം.

NATIONAL

ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത് ആം ആദ്മി പാർട്ടിക്കും, പ്രതിപക്ഷ മുന്നണിയായ ഇന്ത്യ മുന്നണിക്കും വലിയ ആശ്വാസമേകുന്ന കാര്യമാണ്. പക്ഷേ, ഇ.ഡി കേസിൽ രാജ്യത്തെ പരമോന്നത നീതിപീഠം ജാമ്യം അനുവദിച്ചെങ്കിലും കെജ്‌രിവാൾ ജയിലിന് പുറത്തിറങ്ങുന്നത് വൈകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

എന്തുകൊണ്ടാണ് കെജ്‌രിവാളിന് പുറത്തിറങ്ങാനാകാത്തത്?

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2024 മാർച്ച് 21നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആം ആദ്മി പാർട്ടി അധ്യക്ഷനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ സൂത്രധാരനാണ് കെജ്‌രിവാളെന്നാണ് ഇ.ഡി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ക്രമക്കേട് നടന്നതായി തെളിയിക്കുന്ന യാതൊരു തെളിവും ഇ.ഡിയുടെ പക്കലില്ലെന്നാണ് കെജ്‌രിവാളിന്റെ വാദം.

അതേസമയം, ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിബിഐ ആം ആദ്മി കൺവീനറെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കൂടി കെജ്‌രിവാൾ അറസ്റ്റിലാണ്. ഈ കേസിൽ ജൂലൈ 12 വരെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഈ കേസിൽ കൂടി ജാമ്യം ലഭിക്കാതെ കെജ്‌രിവാളിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ലെന്ന സ്ഥിതിയാണുള്ളത്.

ഇടക്കാല ജാമ്യം ലഭിക്കുന്നത് രണ്ടാംതവണ

അറസ്റ്റിലായി 90 ദിവങ്ങൾക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഡൽഹി മുഖ്യമന്ത്രിക്ക് ഇടക്കാല ജാമ്യം ലഭിക്കുന്നത്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചരണ സമയത്തും കെജ്‌രിവാൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. നിലവിൽ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. 90 ദിവസത്തിലേറെ വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ആം ആദ്മി അധ്യക്ഷന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കെജ്‌രിവാളിൻ്റെ അറസ്റ്റ് സംബന്ധിച്ച ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിന് ഒരു വിശാല ബെഞ്ച് വേണമെന്നും രണ്ടംഗ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാനാകുമോ?


കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ നിർബന്ധിക്കണമെന്ന ആവശ്യങ്ങളിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ച് വെള്ളിയാഴ്ച വിസമ്മതിച്ചു. "ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നേതാവിനെ സ്ഥാനമൊഴിയാനോ, അല്ലെങ്കിൽ മുഖ്യമന്ത്രിയോ മന്ത്രിയോ ആയി പ്രവർത്തിക്കാതിരിക്കണോ എന്ന് നിർദേശിക്കുന്നതിലും ഇടപെടുന്നതിലും ഞങ്ങൾക്ക് സംശയമുണ്ട്" എന്നായിരുന്നു ബെഞ്ച് നിരീക്ഷിച്ചത്.

"ഞങ്ങൾക്ക് ധാരണയുണ്ട്, അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്, ഡൽഹി മുഖ്യമന്ത്രിയാണ്. അത് പ്രാധാന്യവും സ്വാധീനവും ഉള്ള ഒരു പദവിയാണ്. ഞങ്ങൾ ഒരു നിർദ്ദേശവും നൽകുന്നില്ല. കാരണം തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ സ്ഥാനമൊഴിയാൻ കോടതിക്ക് നിർദേശിക്കാനാകുമോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്. അതിൽ തീരുമാനമെടുക്കാനുള്ള സ്വതന്ത്ര്യം ഞങ്ങൾ അരവിന്ദ് കെജ്‌രിവാളിന് വിടുന്നു..." സുപ്രീം കോടതി പറഞ്ഞു.

കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ വ്യവസ്ഥകൾ

ഇടക്കാല ജാമ്യ കാലയളവില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും സെക്രട്ടറിയേറ്റിലും പ്രവേശിക്കരുത്. ലെഫ്റ്റനൻ്റ് ഗവര്‍ണറുടെ അനുമതി ആവശ്യമായ ഫയലുകളിൽ മാത്രമേ ഒപ്പിടാവൂ. കേസിൽ തൻ്റെ പങ്കുമായി ബന്ധപ്പെട്ട യാതൊരുവിധ പരാമർശവും നടത്തരുത്. സാക്ഷികളുമായി ആശയവിനിമയം നടത്താൻ ശ്രമിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.


NATIONAL
ബിജെപിയുടെ തിരംഗ യാത്രയ്ക്ക് കോൺഗ്രസിൻ്റെ ബദൽ; ജയ്‌ഹിന്ദ് സഭ റാലി സംഘടിപ്പിക്കാൻ തീരുമാനം
Also Read
user
Share This

Popular

NATIONAL
KERALA
ഇത്തവണ ലക്ഷ്മണ രേഖ കടന്നിരിക്കുന്നു; തരൂരിന് താക്കീതുമായി കോൺഗ്രസ് നേതൃത്വം