കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏപ്രിൽ 28 ന് വോട്ടെടുപ്പ്

"പാർലമെന്റ് പിരിച്ചുവിട്ട് ഏപ്രിൽ 28 ന് ഒരു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഞാൻ ഗവർണർ ജനറലിനോട് അഭ്യർഥിച്ചു. അതിന് അവർ സമ്മതിച്ചു", കാർണി പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
Published on

കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 ന് തെരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് ഉയർത്തുന്ന ഭീഷണിയെ നേരിടാൻ തനിക്ക് ശക്തമായ ജനവിധി ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ നേരത്തെ നടത്തുന്ന  വോട്ടെടുപ്പ് ലിബറൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും കാർണി  പങ്കുവയ്ക്കുന്നുണ്ട്.

കാനഡയെ സുരക്ഷിതമാക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കാനഡയിൽ നിക്ഷേപം വർധിപ്പിക്കുക, കാനഡയെ പുനർനിർമിക്കുക, ഒന്നിപ്പിക്കുക, എന്നിവയാണ് തൻ്റെ മുന്നിലുള്ള ലക്ഷ്യങ്ങൾ. അതുകൊണ്ടാണ് കനേഡിയൻമാരിൽ നിന്ന് ശക്തമായ ഒരു പോസിറ്റീവ് ജനവിധി ഞാൻ പ്രതീക്ഷിക്കുന്നത്. "പാർലമെന്റ് പിരിച്ചുവിട്ട് ഏപ്രിൽ 28 ന് ഒരു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഞാൻ ഗവർണർ ജനറലിനോട് അഭ്യർഥിച്ചു. അതിന് അവർ സമ്മതിച്ചു", കാർണി പറഞ്ഞു.



മാർച്ച് 14നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി അധികാരമേറ്റത്. കാനഡയുടെ 24മത് പ്രധാനമന്ത്രിയാണ് കാര്‍ണി. രാഷ്ട്രീയ പശ്ചാത്തലമില്ലാതെയാണ് 59-കാരനായ കാര്‍ണി രാജ്യത്തെ നയിക്കാനെത്തിയത്. പാർലമെന്റിലോ, കാബിനറ്റ് രംഗത്തോ മുൻ പരിചയമില്ലാത്ത ആദ്യ കനേഡിയൻ പ്രധാനമന്ത്രി എന്ന വിശേഷം കൂടി കാര്‍ണിക്ക് സ്വന്തമാകും. ബാങ്ക് ഓഫ് കാനഡയുടെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും മുൻ ഗവർണറായും കാർണി ചുമതലവഹിച്ചിട്ടുണ്ട്. 2008-ൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. ധനമന്ത്രിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെ പിന്തള്ളി 86 ശതമാനം വോട്ടുകള്‍ നേടിയാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രി പദത്തിലേക്കും എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com