
അരീക്കോട് എസ്ഒജി ക്യാംപിലെ കമാന്‍ഡോയായ വിനീത് ജീവനൊടുക്കിയത് അവധി ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ തന്നെയെന്ന് തെളിവുകള്‍. റിഫ്രഷല്‍ കോഴ്‌സുകളില്‍ പരാജയപ്പെട്ട വിനീത് അടക്കമുള്ളവര്‍ക്കായി ഡിസംബറിലെ കോഴ്‌സില്‍ ചേരാന്‍ ആവശ്യപ്പെട്ട് എസ്ഒജി ഇറക്കിയ ഉത്തരവ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
ഒറ്റ ദിവസം പോലും അവധി നല്‍കാത്തതിലുള്ള മനോവിഷമത്തിലാണ് വിനീത് ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. എസ്ഒജി റഫ്രഷ് കോഴ്‌സിന്റെ പേരില്‍ വിനീത് നേരിട്ടത് കടുത്ത മാനസിക പീഡനമാണ്. റിഫ്രഷല്‍ കോഴ്‌സില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് വിനീതിന് കടുത്ത ശിക്ഷ നല്‍കുകയായിരുന്നു. നവംബറില്‍ ആയിരുന്നു കോഴ്‌സിന്റെ തുടക്കം. തുടര്‍ന്ന് പരാജയപ്പെട്ടവര്‍ക്കായുള്ള ക്യാംപില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ക്യാംപിലെ ശുചിമുറി വൃത്തിയാക്കിച്ചതിന് പുറമെ വിനീതിന് ഗാര്‍ഡ് ഡ്യൂട്ടിയും നല്‍കി. സെക്കന്‍ഡുകള്‍ വൈകിയതിനാണ് വിനീതിനെ പരാജയപ്പെടുത്തിയതെന്നാണ് വിവരം. ഡിസംബറില്‍ ഭാര്യയുടെ പ്രസവ ചികിത്സയ്ക്കായി വിനീത് അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവധിക്ക് അനുമതി നല്‍കാതെ ഡിസംബറില്‍ വീണ്ടും പരിശീലനത്തിന് ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു.
വയനാട് സ്വദേശിയായ വിനീതിനെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എകെ 47 റൈഫിള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു.