അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്ന കെജ്‌രിവാൾ മുഖ്യമന്ത്രിയായത് അദ്ദേഹത്തിൻ്റെ ആശീർവാദത്തോടും ഒപ്പം നടന്നപ്പോൾ ലഭിച്ച ജനപ്രീതിയുടെയും കരുത്തിൽ കൂടിയായിരുന്നു
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയത്തിലേക്ക് കൂപ്പ് കുത്തവെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സാമൂഹിക പ്രവർത്തകനായ അണ്ണാ ഹസാരെ. ഭരണകർത്താക്കൾക്ക് വേണ്ടത് നല്ല പ്രതിച്ഛായയാണെന്നും ആം ആദ്മി പാർട്ടി നേതൃത്വം മദ്യത്തിനും പണത്തിനും അധികാരത്തിനും പിന്നാലെ പോയി മുഖം നഷ്ടപ്പെടുത്തിയതാണ് നിലവിലെ തിരിച്ചടിക്ക് കാരണമെന്നും അണ്ണാ ഹസാരെ ആഞ്ഞടിച്ചു.
2013ൽ അണ്ണാ ഹസാരെ നേതൃത്വം നൽകിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൻ്റെ ചുവടുപിടിച്ചാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരം പിടിച്ചത്. അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്ന കെജ്‌രിവാൾ മുഖ്യമന്ത്രിയായത് അദ്ദേഹത്തിൻ്റെ ആശീർവാദത്തോടും ഒപ്പം നടന്നപ്പോൾ ലഭിച്ച ജനപ്രീതിയുടെയും കരുത്തിൽ കൂടിയായിരുന്നു.
"തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് നല്ല സ്വഭാവഗുണവും ആശയങ്ങളും ഉണ്ടായിരിക്കണം. നേതാക്കളുടെ പ്രതിച്ഛായയിൽ ഒരു മാറ്റവും ഉണ്ടാകരുതെന്ന് ഞാൻ വളരെക്കാലമായി പറയുന്നുണ്ട്. പക്ഷേ, ആം ആദ്മി പാർട്ടിക്ക് അത് നിറവേറ്റാനായില്ല. അവർ മദ്യത്തിലും പണത്തിലും അധികാരത്തിലും കുടുങ്ങി. അത് കാരണം അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രതിച്ഛായയ്ക്കും മങ്ങലേറ്റു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ അവർക്ക് കുറഞ്ഞ വോട്ടുകൾ ലഭിക്കുന്നത്," അണ്ണാ ഹസാരെ പറഞ്ഞു.
"കെജ്‌രിവാൾ ഒരേസമയം നല്ല സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയും, മറുവശത്ത് മദ്യനയ വിവാദങ്ങളിൽ ഉൾപ്പെടുകയും ചെയ്യുന്നത് ആളുകൾ കണ്ടു. രാഷ്ട്രീയത്തിൽ പലപ്പോഴും ആരോപണങ്ങൾ ഉന്നയിക്കപ്പെടാം. ഒരാൾ കുറ്റക്കാരനല്ലെന്ന് അയാൾക്ക് തന്നെ തെളിയിക്കേണ്ടി വരും. സത്യം സത്യമായി തുടരും. ഒരു യോഗം നടന്നപ്പോൾ തന്നെ ഞാൻ പാർട്ടിയുടെ ഭാഗമാകില്ലെന്ന് തീരുമാനിച്ചതാണ്. ആ ദിവസം മുതൽക്ക് ഞാൻ ആം ആദ്മി പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്..." അണ്ണാ ഹസാരെ വിമർശിച്ചു.
ALSO READ: കണ്ണടയും കട്ടി മീശയും; വോട്ടെണ്ണൽ ദിനത്തിൽ ശ്രദ്ധ നേടി 'കുട്ടി കെജ്‌രിവാൾ'